തിരുവനന്തപുരം : ഇന്ധന വില വർദ്ധനയ്ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ ധനമന്ത്രാലയത്തിന് താൽപര്യമില്ലെന്നും ഐസക് വ്യക്തമാക്കി. കേന്ദ്രം നികുതി കുറച്ചാലും വാറ്റ് നികുതിയിൽ മാറ്റം വരുത്തില്ലെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. 

പാചക വാതകത്തിന്റെ വില ഇന്ന് വീണ്ടും വർദ്ധിപ്പിച്ചു. സബ്സിഡിയില്ലത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബസിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വർദ്ധിപ്പിച്ചു. സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഇനി 502രൂപ 4പൈസ നൽകേണ്ടി വരും. രാജ്യാന്തര വിപണിയിൽ വില വർദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രസ്താവനയിൽ വിശദമാക്കി.

ഇന്ധനവിലയും വീണ്ടും കൂടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ആണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 87 രൂപ 12 പൈസയും ഡീസലിന് 80 രൂപ 36 പൈസയുമായി വില. കൊച്ചിയിൽ പെട്രോളിന് 85 രൂപ 61 പൈസയും ഡീസലിന് 78 രൂപ 82 പൈസയുമാണ്. കോഴിക്കോട് 86 രൂപ മൂന്ന് പൈസയാണ് പെട്രോളിന് ഡീസലിന് 79 രൂപ 37 പൈസയുമായി.