ജര്‍മനിയുടെ മിറോസോവ് ക്ലോസയാണ് പട്ടികയില്‍ മുന്നില്‍. 16 ഗോളുകളാണ് ക്ലോസയുടെ സമ്പാദ്യം. ഇന്ന് ഹാട്രിക് നേടാനായാല്‍ ഗോള്‍നേട്ടത്തിന്‍റെ കാര്യത്തില്‍ പെലെ മുള്ളറുടെ പിന്നിലാകും.

മോസ്കോ: ലോക കിരീടം നിലനിര്‍ത്താനുള്ള പടപ്പുറപ്പാടിന് ഇന്ന് ജര്‍മനി തുടക്കമിടുകയാണ്. ബ്രസീലിയന്‍ മണ്ണില്‍ വിജയകൊടി നാട്ടിയ ജര്‍മന്‍ പോരാളികള്‍ തന്നെയാണ് റഷ്യയിലും ഫേഫറിറ്റുകള്‍. തോമസ് മുള്ളറുടെ ബൂട്ടുകളാണ് ജോക്വിം ലോയുടെ സംഘത്തിന്‍റെ കരുത്ത്. 2010 ലെ ലോകകപ്പില്‍ മിഷേല്‍ ബലാക്കിന്‍റെ പകരക്കാരനായി ജര്‍മന്‍ മുന്നേറ്റത്തിലെത്തിയ മുള്ളര്‍ ആ ലോകകപ്പിലെ താരമായിരുന്നു.

ഗോള്‍ഡണ്‍ ബുട്ടും കാലിലിട്ട് മടങ്ങിയ മുള്ളര്‍ 2014 ല്‍ ജര്‍മനിയുടെ കിരീട നേട്ടത്തിന്‍റെ ചുക്കാന്‍ പിടിച്ചു. വീണ്ടുമൊരു ലോകകപ്പ് കിരീടം സ്വപ്നംകണ്ടിറങ്ങുന്ന ജര്‍മനി ഉറ്റുനോക്കുന്നതും മറ്റാരെയുമല്ല. 89 വര്‍ഷത്തെ ഫുട്ബോള്‍ ലോകകപ്പിന്‍റെ ചരിത്രത്തിലേക്ക് കൂടിയാണ് മുള്ളര്‍ പന്തുതട്ടുന്നത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാകാന്‍ മുള്ളര്‍ക്ക് വേണ്ടത് കേവലം ഏഴ് ഗോളുകള്‍ മാത്രമാണ്. നിലവില്‍ പത്ത് ലോകകപ്പ് നേടിയിട്ടുള്ള മുള്ളര്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ എട്ടാം റാങ്കിലാണ്. ജര്‍മനിയുടെ ഇതിഹാസ താരം മിറോസോവ് ക്ലോസയാണ് പട്ടികയില്‍ മുന്നില്‍. 16 ഗോളുകളാണ് ക്ലോസയുടെ സമ്പാദ്യം.

15 ഗോളുകളുമായി ബ്രസീലിന്‍റെ റൊണാള്‍ഡോ രണ്ടാം സ്ഥാനത്തും 14 ഗോളുകളുമായി ജര്‍മ്മനിയുടെ ജേര്‍ഡ് മുള്ളര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.12 ഗോളുകള്‍ ലോകകപ്പില്‍ നേടിയ സാക്ഷാല്‍ പെലെയാണ് അഞ്ചാം സ്ഥാനത്ത്. ഇന്നത്തെ മത്സരത്തില്‍ ഹാട്രിക് നേടാനായാല്‍ ഗോള്‍നേട്ടത്തിന്‍റെ കാര്യത്തില്‍ പെലെ മുള്ളറുടെ പിന്നിലാകും.

സീസണില്‍ ബയേണ്‍ മ്യൂണിക്കിനായി വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായില്ലെങ്കിലും ജര്‍മന്‍ കുപ്പായത്തില്‍ മുള്ളര്‍ യഥാര്‍ത്ഥ ഫോമിലെത്താറുണ്ട്. അതുകൊണ്ടുതന്നെ റഷ്യന്‍ ലോകകപ്പില്‍ മുള്ളര്‍ ചരിത്രം കുറിക്കുമെന്ന് വിശ്വസിക്കുന്ന ആരാധകര്‍ കുറവല്ല.