ചെറിയ ജയില്‍ മുറികളില്‍ നൂറിലധികം പേരെ കുത്തിനിറച്ച് പൊലീസ് പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍
മനില: തെരുവില് അലഞ്ഞത് കുറ്റമായിക്കണ്ട് അറസ്റ്റ് ചെയ്യാന് പ്രസിഡന്റ് ഉത്തരവിട്ടതിനെ തുടര്ന്ന് ഫിലിപ്പീന്സില് പതിനായിരത്തോളം പേരെ ജയിലിലടച്ചു. ശരാശരി പത്ത് പേര്ക്ക് കഴിയാന് സൗകര്യമുള്ള ചെറിയ ജയില് മുറികളില് നൂറിലധികം പേരെയാണ് പൊലീസ് കുത്തിനിറയ്ക്കുന്നത്. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്ത്തകര് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ച മാത്രം അറസ്റ്റ് ചെയ്തവരുടെ എണ്ണമാണിത്. തിരക്കുപിടിച്ച നഗരങ്ങളിലും ജില്ലകളിലും പൊലീസിന്റെ കര്ശന പരിശോധന തുടരുകയാണ്. പൊതുശല്യമൊഴിവാക്കാനും കുറ്റങ്ങളുടെ എണ്ണം കുറയ്ക്കാനുമാണ് തെരുവില് അലയുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതെന്നാണ് അധികാരികളുടെ വിശദീകരണം. പരസ്യമായി നിന്ന് മൂത്രമൊഴിക്കുകയും മദ്യപിക്കുകയുമെല്ലാം ചെയ്യുന്നത് ഇക്കൂട്ടരാണെന്നാണ് ഇവര് പറയുന്നത്.
മുതിര്ന്നവരെ ജയിലിലടയ്ക്കുമ്പോള് തെരുവില് നിന്ന് കിട്ടിയ കുട്ടികളെ അവരുടെ മുതിര്ന്ന ബന്ധുക്കള് വരാനായി കാത്തുവയ്ക്കുകയാണ് ചെയ്യുന്നത്. ആവശ്യത്തിന് സംരക്ഷണ കേന്ദ്രങ്ങളില്ലാത്തതിനാല് ഈ കുട്ടികളേയും മുതിര്ന്നവരുടെ ജയിലുകളില് താമസിപ്പിക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ച 130 പേരെ താമസിപ്പിച്ച ജയില് മുറിയില് ഒരു യുവാവ് മരിച്ചത് ഏറെ പ്രതിഷേധങ്ങളുയര്ത്തിയിരുന്നു. ശ്വാസം മുട്ടിയാണ് യുവാവ് മരിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല് ഷര്ട്ടിടാതെ തെരുവിലൂടെ നടന്നതിന് അറസ്റ്റ് ചെയ്ത് ശേഷം മര്ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യുവാവിന്റെ സഹോദരി പറയുന്നത്.
പട്ടിക്കൂടുകള് പോലെയുള്ള ജയില് മുറികളില് അധികാരികള് കുത്തിനിറയ്ക്കുന്നത് ദരിദ്രരെ മാത്രമാണെന്നാണ് മനുഷ്യാവകാശ പ്രവര്ത്തകര് പറയുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇവരിപ്പോള്.
