ദില്ലി: കുടുംബത്തിന് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച സഹോദരിക്ക് നേരെ വെടിവയ്ക്കുകയും ബന്ധുവിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സഹോദരനും സുഹൃത്തുക്കളും അറസ്റ്റില്‍. ഗുരുഗ്രാം സ്വദേശി കരണ്‍, സുഹൃത്തുക്കളായ രാജേഷ്, അമിത്ത് എന്നിവരെയാണു കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അനുജനാണു കരണിന്റെ വെടിയേറ്റു കൊല്ലപ്പെട്ടത്. കുടുംബത്തിന് ഇഷ്ടമില്ലാത്തയാളെ സഹോദരി വിവാഹം കഴിച്ചതിലുള്ള വിദ്വേഷമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് അനുജനെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി.
അന്വേഷണത്തില്‍ കരണിന്റെ സഹോദരി വീട്ടുകാരുടെ എതിര്‍പ്പു മറികടന്ന് വിവാഹം കഴിച്ചതായി കണ്ടെത്തി. ഇവര്‍ താമസിക്കുന്ന രഹസ്യസ്ഥലം അറിയാമായിരുന്ന യുവാവിനെ കരണും സംഘവും തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്നു കരണും സംഘവും സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന സ്ഥലത്തെത്തി.
സഹോദരിക്കു നേരെ വെടിയുതിര്‍ത്തെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിനിടെ ഭര്‍ത്താവിന്റെ അനുജന്‍ വെടിയേറ്റു മരിച്ചു. തുടര്‍ന്ന് മൃതദേഹം കത്തിച്ചതായും പൊലീസ് പറയുന്നു.കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്.
