പിടികൂടിയത് 200 രൂപയുടെ വ്യാജന്‍ പ്രതികള്‍ നേരത്തെയും കള്ളനോട്ട് കേസില്‍ പിടിയിലായവര്‍

ഇടുക്കി: രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേര്‍ ഇടുക്കിയില്‍ പൊലീസിന്‍റെ പിടിയില്‍. മുരിക്കാശേരി വാത്തിക്കുടി സ്വദേശി വെള്ളുകുന്നേല്‍ ലിയോ(സാം-44), കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍(46), പുറ്റടി അച്ചക്കാനം കടിയന്‍ കുന്നേല്‍ രവീന്ദ്രന്‍ (58) എന്നിവരെയാണ് 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പൊലീസ് അറസ്റ്റ് ചെയ്തത്.

അണക്കര പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് മൂവരും പിടിയിലായത്. 200 രൂപയുടെ 1096 നോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. അണക്കര പെട്രോള്‍ പമ്പിന് സമീപം കള്ളനോട്ട് കൈമാറുന്നുവെന്ന് കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി രാജ്മോഹന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമളി സി.ഐ വി.കെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് മൂവരേയും പിടികൂടിയത്. 

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. കട്ടപ്പന സി.ഐ വി.എസ് അനില്‍ കുമാര്‍, കുമളി വി.കെ ജയപ്രകാശ് എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തിനാണ് അന്വേഷണ ചുമതല. എന്‍.സി കൃഷ്ണകുമാറും രവീന്ദ്രനും ഇതിന് മുന്‍പ് 38ലക്ഷം രൂപയുടെ കള്ളനോട്ടുകേസില്‍ പിടിയിലായിരുന്നു.യു.എ.പി.എ ചുമത്തി ജയിലിലായിരുന്ന ഇവര്‍ കഴിഞ്ഞ നവംബറിലാണ് ഇറങ്ങിയത്. രവീന്ദ്രന്‍ കഴിഞ്ഞ 20വര്‍ഷമായി വലുതും ചെറുതുമായ കള്ളനോട്ട് കേസില്‍ പ്രതിയാണ്. ഒരു ലക്ഷം രൂപക്ക് 3.5ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് ഇവര്‍ നല്‍കുന്നത്.