നേരത്തെ ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. ഇവരെ എവിടെ വച്ചെങ്കിലും കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പഹാട് ഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ നമ്പറും ഒപ്പം നല്‍കിയിട്ടുണ്ടായിരുന്നു.

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ നിന്നും 3 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പൊലീസ് പിടികൂടി. ജമ്മു കാശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കാശ്മീര്‍ പ്രവര്‍ത്തകരാണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ട്. നിരവധി ആയുധങ്ങളും ദില്ലി സ്പെഷ്യൽ പൊലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തതായി വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്നെ ദില്ലിയിലേക്ക് ഭീകരര്‍ കടന്നതായുള്ള മുന്നറിയിപ്പ് പോലീസ് പുറപ്പെടുവിച്ചിരുന്നു.

നേരത്തെ ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. ഇവരെ എവിടെ വച്ചെങ്കിലും കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പഹാട് ഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ നമ്പറും ഒപ്പം നല്‍കിയിട്ടുണ്ടായിരുന്നു. ഇവരാണോ ഇപ്പോള്‍ പിടിക്കപ്പെട്ടവര്‍ എന്ന് വ്യക്തമല്ല.

ഇന്ത്യ-പാക് അതിര്‍ത്തിയിലെ മൈല്‍ക്കുറ്റിയില്‍ ചാരി നില്‍ക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളാണ് ദില്ലി പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. മെെല്‍ക്കുറ്റിയില്‍ ദില്ലിയിലേക്ക് 360 കിലോമീറ്റര്‍, ഫിറോസ്പൂര്‍ ഒമ്പത് കിലോമീറ്റര്‍ എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്.

ഇന്ത്യയിലെ പഞ്ചാബിനോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തി പ്രദേശമാണ് ഫിറോസ്പൂര്‍. ആറോ ഏഴോ ജയ്ഷെ ഭീകരര്‍ പഞ്ചാബില്‍ നിന്ന് ദില്ലി ലക്ഷ്യമാക്കി നീങ്ങുന്നതായുള്ള മുന്നറിയിപ്പ് കഴിഞ്ഞ ആഴ്ച പഞ്ചാബ് പൊലീസ് നല്‍കിയിരുന്നു.

2016 ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ഭാഗമായി ഇന്ത്യ തകര്‍ത്ത നിരവധി ഭീകര താവളങ്ങള്‍ പാക് സേനയുടെ സഹായത്തോടെ ഭീകരര്‍ പുനര്‍നിര്‍മിച്ചതായി ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാനായി തയ്യാറായി നില്‍ക്കുന്നതായാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.