കശ്മീരില്‍ ബിജെപി നീക്കങ്ങള്‍; മൂന്ന് എംഎല്‍എമാര്‍ പിഡിപിയില്‍ നിന്ന് രാജിവച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിൽ മെഹ്ബൂബാ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി വിടുകയാണെന്ന് മൂന്ന് എംഎൽഎമാർ പ്രഖ്യാപിച്ചു. പിഡിപി-ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന ഇമ്രാൻ റാസാ അൻസാരിയുടെ നേതൃത്വത്തിലാണ് മൂന്ന് പേർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. 

മെഹബൂബ സ്വജനപക്ഷപാതം കാട്ടുകയാണെന്ന് ആരോപിച്ചാണ് രാജി. മൊഹമ്മദ് അബ്ബാസ്, അബിദ് അൻസാരി എന്നീ എംഎൽഎമാരും ഇമ്രാൻ റാസാ അൻസാരിയെ പിന്തുണച്ചു. അതേസമയം ബിജെപി കശ്മീരിനോട് നീതി കാട്ടിയെന്ന് ഇമ്രാൻ അൻസാരി പ്രതികരിച്ചു.

രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി തനിക്കുണ്ടെന്ന് ഇമ്രാൻ അൻസാരി അവകാശപ്പെട്ടു. നാഷണൽ കോൺഫറൻസിനും പിഡിപിക്കും ബദലായി താഴ്വരയിൽ മൂന്നാം ചേരി ശക്തിപ്പെടുത്താനുള്ള ബിജെപി നീക്കത്തിൻറെ ഫലമാണ് ഭിന്നതയെന്നാണ് സൂചന. ജമ്മു കശ്മീരിലെ സ്ഥിതി ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച നേതൃയോഗം ശ്രീനഗറിൽ തുടരുകയാണ്.