സഹപാഠികളായ അഞ്ച് പേര്‍ക്കൊപ്പം മറീന ബീച്ചിലെത്തിയ ശ്രീ പെരുംപുത്തൂറിലെ സ്വകാര്യ എന്‍ഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ചെന്നൈ: ചെന്നൈ മറീന ബച്ചില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. സഹപാഠികളായ അഞ്ച് പേര്‍ക്കൊപ്പം മറീന ബീച്ചിലെത്തിയ ശ്രീ പെരുംപുത്തൂറിലെ സ്വകാര്യ എന്‍ഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ദിണ്ടിവനം സ്വദേശി ഭരദ്വാജ്,ധര്‍പുരി സ്വദേശി ജയകീര്‍ത്തി, തിരുമൊല്ലൈവയല്‍ സ്വദേശി ദിനേശ് എന്നിവരാണ് മറ്റു സഹപാഠികളെ സാക്ഷിയാക്കി കടലിലേക്ക് ഇറങ്ങിയത്.

ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ സുരക്ഷാഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. കടലില്‍ ഇറങ്ങിയവര്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ തീരത്ത് തന്നെ ഇരിക്കുകയായിരുന്നെന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കടല്‍തീരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥികളുടെ ചെരുപ്പ് കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ദിണ്ടിവനം സ്വദേശി ഭരദ്വാജിന്‍റെ മൃതദേഹം കണ്ടെത്തിയത്.കാണാതായ മറ്റ് രണ്ട് പേര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. സഹപാഠികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.