പാര്‍ലമെന്റിന്റെ സുരക്ഷമേഖലയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട എ.എ.പി എം.പി ഭഗവന്ത് മാന്‍ അച്ചടക്കം ലംഘിച്ചുവെന്നാണ് പാര്‍ലമെന്ററി സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം. ഭഗവന്ത് മാനെതിരെ കടുത്ത നടപടി വേണമെന്നാണ് ബിജെപി, ശിരോമണി അകാലിദള്‍ അംഗങ്ങളുടെ ആവശ്യം. എന്നാല്‍ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കണമെന്നാണ് മറ്റ് പാര്‍ട്ടികളുടെ നിലപാട്. ഇന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്‌പീക്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് കമ്മിറ്റിയുടെ കാലാവധി ഒരാഴ്ച കൂടി നീട്ടി.
കമ്മറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ ഭഗവന്ത് മാനിനോട് ലോക്‌സഭ നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ഭഗവന്ത് മാനെ ലഹരി മുക്ത കേന്ദ്രത്തില്‍ അയക്കണമെന്ന് മൂന്ന് എംപിമാര്‍ ലോക്‌സഭാ സ്‌പീക്കറോട് ആവശ്യപ്പെട്ടു. ബി.ജെ.പി എം.പി മഹേഷ് ഗിരി, അകാലിദള്‍ എം.പി പ്രേംസിംഗ് ചന്ദുമജ്റ, എ.എ.പി എം.പി ഹരിന്ദ്രര്‍ ഖല്‍സ എന്നിവരാണ് സ്‌പീക്കര്‍ക്ക് കത്തെഴുതിയത്. ലോകസഭയുടെ ചെലവില്‍ ചികിത്സ നടത്തണമെന്നാണ് കത്തില്‍ എംപിമാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
