കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പുന്നാട് സ്വകാര്യബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. മീത്തലെ പുന്നാട് സ്വദേശി സുരേഷ് ആണ് ആശുപത്രിയില്‍ മരിച്ചത് . രാവിലെ പതിനൊന്ന് മണിയോടെ നടന്ന അപകടത്തില്‍ ബസ് ഡ്രൈവറും യാത്രക്കാരിയും ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചിരുന്നു. നാല്‍പ്പതിലധികം പേർക്ക് അപകടത്തില്‍ പരിക്കേറ്റു.

മട്ടന്നൂർ- ഇരിട്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ് മുഖാമുഖം കൂട്ടിയിടിച്ചത്. അമിതവേഗത്തിൽ മറ്റൊരുബസിനെ മറികടക്കാനുളള ശ്രമത്തിനിടെയായിരുന്നു അപകടം. കൂട്ടിയിടിയിൽ ബസുകളുടെ മുൻഭാഗം പൂർണമായി തകർന്നു.മട്ടന്നൂരിൽ നിന്നുവന്ന ബസ്സിന്‍റെ ഡ്രൈവർ കരിക്കോട്ടക്കരി സ്വദേശി സജി, ബസ് യാത്രക്കാരിയായ ചാവശേരി സ്വദേശി ഗിരിജ എന്നിവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത് .

ബസുകളുടെ മുൻഭാഗത്തിരുന്നവർക്കാണ് കാര്യമായി പരിക്കേറ്റത്. കുട്ടികളടക്കം ബസ്സുകളിൽ നിന്ന് തെറിച്ചുവീണു. പലരെയും ബസുകളിൽ നിന്ന് പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരും ബുദ്ധിമുട്ടി. പരിക്കേറ്റ ഇരുപതിലധികം പേരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂരിലെ സഹകരണ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ ബസുകളുടെ മത്സരയോട്ടം പതിവാണെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. സ്പീഡ് ഗവർണറർ ഇല്ലാതെയാണ് ബസുകൾ സർവീസ് നടത്തുന്നത് എന്നും നാട്ടുകാർ പറയുന്നു.