ലക്നൗ: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ കിടന്ന കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാത്തതിന് മൂന്ന് പൊലീസുകാര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 17 വയസുകാരായ അര്‍പിത് ഖുരാന, സുഹൃത്ത് സണ്ണി എന്നിവര്‍ അപകടത്തില്‍ പരിക്കേറ്റ് റോഡരികില്‍ ചോരവാര്‍ന്ന് കിടന്നത്.

സ്ഥലത്തെത്തിയ നാട്ടുകാര്‍ 100ല്‍ വിളിച്ച് പൊലീസിനെ അറിയിച്ചു. മൂന്ന് പൊലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. പിന്നീട് നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും രണ്ടുപേരുടെയും ജീവന്‍ നഷ്‌ടപ്പെട്ടുകഴിഞ്ഞിരുന്നു. വാഹനത്തിലും ശരീരത്തിലും രക്തം പുരളുമെന്ന് പറഞ്ഞാണ് ഇന്ദ്രപാല്‍ സിങ്, പങ്കജ് കുമാര്‍, മനോജ് കുമാര്‍ എന്നീ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ തയ്യാറാവാതിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രബല്‍ പ്രതാപ് സിങാണ് ഐപിസി 304 പ്രകാരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.