പാറ്റ്ന: ബീഫ് കടത്തിയെന്നാരോപിച്ച് ബീഹാറില്‍ മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിച്ചതച്ച ശേഷം പൊലീസിന് കൈമാറി. അനധികൃതമായി സ്ഥാപിച്ച അറവുശാലയില്‍ അറുത്ത മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബീഹാറിലെ ബോജ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഒരു ട്രക്കില്‍ ബീഫ് കടത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് മൂന്ന് പേരെ ജനക്കൂട്ടം വാഹനം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷഹപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച അറവുശാലയില്‍ നിന്നാണ് ബീഫ് കടത്തിയതെന്ന് ജില്ലാ മജിസ്ട്രേറ്റും വ്യക്തമാക്കി.
തുടര്‍ന്ന് അറവുശാല നിരോധിക്കണമെന്നും പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ദേശീയപാത ഉപരോധിച്ചു. സംസ്ഥാനത്ത് ബിജെപി പിടിമുറുക്കുന്നതിന്‍റെ ലക്ഷണം കാണാന്‍ തുടങ്ങിയെന്നായിരുന്നു ,സംഭവത്തോട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. ബി.ജെ.പി അധികാരത്തില്‍ വന്നതോട് കൂടി ആള്‍ക്കൂട്ട ക്രൂരതകള്‍ വര്‍ധിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
