റോം: ചൂടുസഹിക്കാനാവാതെ വനിതാ ടൂറിസ്റ്റുകള്‍ ബിക്കിനിയിട്ട് വിശുദ്ധ സ്നാനഘട്ടത്തില്‍ നീന്താനിറങ്ങി. ഇവരുടെ നീന്തല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. റോമിലാണ് സംഭവം.
ചൂടുസഹിക്കാനാവാതെ മൂന്ന് വനിതാ ടൂറിസ്റ്റുകളാണ് ചരിത്ര പ്രസിദ്ധമായ ഫൊണ്ടാന ഡെല്‍ അഇക്വ പാവോളയിലെ നീരുറവയില്‍ നീന്തല്‍ വേഷത്തില്‍ നീരാടാനിറങ്ങിയത്. റോമില്‍ 32 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
റോമിലെ 400 വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ ഫൊണ്ടാന ഡെല്‍ അഇക്വ പാവോളയിലെ കുളത്തിലാണ് മൂന്നു വനിതാ ടൂറിസ്റ്റുകള്‍ ബിക്കിനിയണിഞ്ഞിറങ്ങിയത്. 17 -ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഫൊണ്ടാന. പോപ്പ് സിക്സ്റ്റസ് അഞ്ചാമന്‍റെ കാലത്ത് 1585 - 88 കാലത്ത് നിര്‍മ്മിക്കപ്പെട്ട ഫൊണ്ടാന 1612 ല്‍ പോപ്പ് പോളിന്‍റെ കാലത്ത് പുതുക്കിപ്പണിതു. മുകളില്‍ നിന്നും വെള്ളം ഊറിവരുന്ന രീതിയിലാണ് ഡിസൈനിംഗ്. ഇതിനു സമീപത്താണ് പ്രസിദ്ധമായ സാന്‍ പെയിട്രോ പള്ളി സ്ഥിതി ചെയ്യുന്നത്.
ദൃശ്യങ്ങള്‍ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മര്യാദലംഘിച്ച യുവതികള്‍ക്കെതിരെ കേസെടുക്കണമെന്നും പിഴ ചുമത്തണമെന്നുമാണ് ആവശ്യം. എന്നാല്‍ ഇവരെ ന്യായീകരിക്കുന്ന ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ചരിത്രസ്മാരകത്തെ കുറിച്ച് കൂടുതല്‍ പ്രചരണത്തിന് യുവതികളുടെ പ്രവൃത്തി ഉപകരിച്ചുവെന്നാണ് ന്യായീകരിക്കുന്നവരുടെ ഭാഷ്യം. പുരാതന അവശേഷിപ്പുകളെ കുറിച്ച് പൊതുജനങ്ങള്‍ക്കള്ള അജ്ഞത വെളിപ്പെടുത്തുന്നതാണ് പ്രവൃത്തിയെന്നും അഭിപ്രായം ഉയരുന്നു. കഴിഞ്ഞ വര്‍ഷം ഒരു കൂട്ടം ഇംഗ്ലീഷ് ആര്‍ക്കിടെക്റ്റുകള്‍ റോമിലെ മറ്റൊരു വിശുദ്ധ അരുവിയില്‍ കുളിക്കാനിറങ്ങിയതും വിവാദമായിരുന്നു.
