തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ യു.ഡി.എഫ് ഭരണസമയത്ത് റിലയന്‍സ് കേബിളിനായുണ്ടാക്കിയ കരാര്‍ കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ വീഴ്ചകളെ അക്കമിട്ട് നിരത്തിയതിനൊപ്പം കരാര്‍ ലംഘനത്തിന് നടപടിയെടുത്തില്ലെന്ന് കാണിച്ച് ഇപ്പോഴത്തെ ഇടത് ഭരണസമിതിയെയും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
34.585 കി.മീ ദൂരം കേബിളിടുന്നതിനുള്ള അനുമതിയില്‍ പി.ഡബ്‌ള്യു.ഡി നിരക്കില്‍ റീസ്റ്റോറേഷന്‍ ചാര്‍ജ്ജ്, യൂസേഴ്‌സ് ഫീ എന്നിവ ഈടാക്കാത്തതിലും, റിസ്റ്റോറേഷന്‍ ചാര്‍ജ്ജിന് ആനുപാതികമായി 12.36 ശതമാനം സേവന നികുതി അടയ്ക്കാത്തതിലും, മുകളില്‍ കൂടിയുള്ള കേബിളിന്റെ വാടക ഈടാക്കാതെയും ദീര്‍ഘകാല കരാറുണ്ടാക്കിയതിലൂടെ കോടികളുടെ നഷ്ടം കോര്‍പ്പറേഷനുണ്ടാക്കിയെന്നാണ് ഓഡിറ്റ് കണ്ടെത്തല്‍. കേബിള്‍ വലിക്കുന്നതിന് രണ്ട് കോടി നിക്ഷേപ തുക നിശ്ചയിച്ചിട്ടുണ്ട്.
പത്ത് വര്‍ഷത്തേക്കുള്ള ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കരാറെന്ന നിലയില്‍ ഏത് മാനദണ്ഡമനുസരിച്ചാണ് തുക നിക്ഷേപമായി സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രവൃത്തി പൂര്‍ത്തീകരിച്ചതിന് ശേഷം രണ്ട് കോടിയുടെ 65 ശതമാനം തുക സ്ഥാപനത്തിന് തിരികെ നല്‍കുവാനും 35 ശതമാനം തുക സൂപ്പര്‍വിഷന്‍ ചാര്‍ജ്ജ് ആയി അടവാക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് 70,00,000 രൂപ നിലനിറുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അനുമതി നല്‍കിയ അടങ്കല്‍ തുകക്ക് ആനുപാതികമായ റീസ്റ്റോറേഷന്‍ ചാര്‍ജ്ജ് കൂടി സ്ഥാപനം മുന്‍കൂറായി അടവാക്കണമെന്ന് വ്യവസ്ഥയുണ്ടെന്നിരിക്കെ ഇത് ഈടാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിലുപരിയാണ് കരാറില്‍ ഒപ്പുവെച്ച തിയതിയുടെ അഞ്ച് ദിവസത്തിന് ശേഷം വാങ്ങിയ മുദ്രപത്രം വാങ്ങിയിരിക്കുന്നത്. ബാങ്ക് ഗാരന്റി തിരിച്ചു നല്‍കുന്നതിന് മുമ്പായി കേബിള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ പുനസ്ഥാപിച്ച് ഇതിന്റെ സാക്ഷ്യപത്രം പൊതുമരാമത്ത് വകുപ്പില്‍ നിന്നും, വൈദ്യുതി വകുപ്പ് ചീഫ് ഇന്‍സ്‌പെക്ടറേറ്റില്‍ നിന്നും എന്‍.ഒ.സി വാങ്ങിയിരിക്കണമെന്നതനുസരിച്ച് ഫയലുകളില്‍ കാണാനില്ല. ഇത് ആവശ്യപ്പെട്ടതിന് മറുപടി നല്‍കിയിട്ടില്ല. പൊതുമരാമത്ത് ചീഫ് എന്‍ജിനിയറുടെ സര്‍ക്കുലര്‍ പ്രകാരം പി.ഡബ്‌ള്യു.ഡി നിരക്കില്‍ നിന്നും കുറച്ചാണ് ഈടാക്കിയത്.
യൂസേഴ്‌സ് ഫീ ഈടാക്കിയതില്‍ 2008 ല്‍ നിശ്ചയിച്ച കി.മീറ്ററിന് 25,000 രൂപയില്‍ നിന്നും കുറച്ച് 2013 ല്‍ ഈടാക്കിയിരിക്കുന്നത് 10,000 രൂപയാണ്. കൊച്ചി നഗരസഭ 37,500 ഉം, കൊല്ലം 12,500 ഉം ഈടാക്കിയപ്പോള്‍ വാഹനങ്ങളുടെ ബാഹുല്യത്തില്‍ ഒട്ടും കുറവില്ലാത്ത തൃശൂര്‍ കോര്‍പ്പറേഷന്‍ ഈടാക്കിയത് കുറവ് നിരക്കിലാണ്. ഇതാകട്ടെ 2015 - 16 വര്‍ഷങ്ങളില്‍ വാര്‍ഷിക സംഖ്യ അടച്ചിട്ടുമില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കരാര്‍ പ്രകാരം ഡയറക്ഷണല്‍ ഡ്രില്ലിങ് ചെയ്യേണ്ടതിന് പകരം ഓപ്പണ്‍ ട്രഞ്ചിങ് ചെയ്തത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.പി.ശ്രീനിവാസന്‍ പരാതി ഉന്നയിച്ചിട്ടും, കരാറിലെ വിഷയങ്ങള്‍ ഗൗരവകരമല്ലാതെ കൈകാര്യം ചെയ്തതിലൂടെ നഗരസഭയ്ക്കുണ്ടാവുന്ന കഷ്ട നഷ്ടം ചെറുതല്ലെന്നും കോടതി വ്യവഹാരങ്ങളില്‍ നിയമനടപടികളെടുക്കുന്നതിന് എതിരാകുമെന്ന് ഇപ്പോഴത്തെ ഇടത് ഭരണസമിതിയുടെ നടപടിയെ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
