ദിലീപിന് തിരിച്ചടി; ഡി സിനിമാസ് ഭൂമി ഇടപാട് അന്വേഷിക്കാന്‍ ഉത്തരവ്

First Published 15, Mar 2018, 1:16 PM IST
Thrissur vigilance court on dileep d cinemas case
Highlights
  • വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവ്. ഡി സിനമാസ് നിര്‍മ്മിച്ച ഭൂമിയില്‍ കയ്യേറ്റമില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. തൃശൂർ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ദിലീപിന് അനുകൂലമായി നല്‍കിയ വിജിലന്‍സ് റിപ്പോർട്ടാണ് തള്ളിയത്.

തീയേറ്റര്‍ നിര്‍മാണത്തിനായി ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫാണ് പരാതി നല്‍കിയിട്ടുള്ളത്. ദിലീപിനും മുന്‍ ജില്ലാ കളക്ടര്‍ എം എസ് ജയയ്ക്കുമെതിരെ നല്‍കിയ പരാതിയില്‍, കയ്യേറ്റം നടന്നിട്ടില്ലെന്നും, ജില്ലാ കളക്ടര്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

അതേസമയം ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കയ്യേറിയിട്ടില്ലെന്നും  സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായുള്ളതെന്നുമുളള   റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. മുൻ കലക്ടർ എം.എസ്.ജയ, ഡി സിനിമാസ് തിയറ്റർ ഉടമ നടൻ ദിലീപ് എന്നിവരെ പ്രതിയാക്കി കേസെടുക്കണമെന്ന ഹരിജിയിലെ ആവശ്യം കോടതി അംഗീകരിച്ചു.

നേരത്തെ സർവ്വേ സൂപ്രണ്ടും ദിലീപിന് അനുകൂലമായ റിപ്പര്‍ട്ടാണ് തൃശൂര‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയത്.സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരു – കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു. സമാന പരാതി ലോകായുക്തയും പരിഗണിക്കുന്നുണ്ട്.  തൃശൂർ കലക്റ്റർ ഇത് സംബന്ധിച്ച് വാദം പൂർത്തിയാക്കിയെങ്കിലും ഇത് വരെയും തീരുമാനമെടുത്തിട്ടില്ല
 

loader