അനുഭവസമ്പത്തിൽ മുൻപന്തിയിലുള്ള ഒരു നേതാവിനെയാണ് നിർണ്ണായകമായ 2019ന് മുമ്പ് ബിജെപിക്ക് നഷ്ടമാകുന്നത്. കർണ്ണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം വേരുറയ്ക്കുമ്പോള്‍ അനന്ത് കുമാറിന്‍റെ അഭാവം ബിജെപിക്ക് എല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.
ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപിയുടെ ഉന്നത നേതൃത്വത്തിലേക്കുയർന്ന അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു മരണപ്പെട്ട അനന്ത് കുമാർ. ജിഎസ്ടിയിലുൾപ്പടെ പാർലമെന്‍റില്‍ സമവായം ഉണ്ടാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു അനന്ത് കുമാര്‍. തെരഞ്ഞെടുപ്പിന് മുമ്പ് ചില സുപ്രധാന ബില്ലുകൾ ബിജെപി പാസ്സാക്കാൻ ശ്രമിക്കുമ്പോഴാണ് രാഷ്ട്രീയ തന്ത്രം നന്നായി വശമുള്ള നേതാവിനെ നഷ്ടമാകുന്നത്.
പാര്‍ലമെന്‍റില്‍ അടുത്തകാലത്ത് ബിജെപി നിരയിലെ പ്രധാന ശബ്ദമായിരുന്നു അനന്ത് കുമാറിന്‍റേത്. സൗമ്യതയും സൗഹൃദവും അനന്ത് കുമാറിന്‍റെ പ്രത്യേകതയായിരുന്നു. എന്നാൽ പാർട്ടിക്കാവശ്യം ആക്രമണ ശൈലിയാണെന്ന് മനസ്സിലാക്കി അനന്ത് കുമാര്‍ നിലപാട് മാറ്റി. ദില്ലി രാഷ്ട്രീയത്തിനാവശ്യമായ മെയ്‍വഴക്കവും പ്രായോഗികതയും രാഷ്ട്രീയത്തിനപ്പുറത്തെ ബന്ധങ്ങളും അനന്ത് കുമാറിനുണ്ടായിരുന്നു. ഒരിക്കൽ എൽ.കെ അദ്വാനിയുടെ അടുത്ത അനുയായി ആയിരുന്ന അനന്ത് കുമാര്‍ പിന്നീട് പാർട്ടിയിലെ പുതിയ നേതൃത്വവുമായി സമരസപ്പെട്ടു.
ദില്ലിയിൽ തുടരുമ്പോഴും വേരുകൾ അനന്ത് കുമാര്‍ മറന്നിരുന്നില്ല. ഇരുപത് വർഷം ഒരേ മണ്ഡലത്തിൽ നിന്ന് ലോക്സഭയിൽ എത്തിയ മറ്റൊരു നേതാവും ഇന്നത്തെ മന്ത്രിസഭയിൽ ഇല്ല. അവസാന പോരാട്ടത്തിൽ അനന്ത് കുമാര്‍ മറികടന്നത് നന്ദൻ നിലേഖാനിയെയാണ്. വെങ്കയ്യനായിഡു സജീവ രാഷ്ട്രീയം വിട്ടതോടെ ബിജെപി പാർലമെന്‍ററി ബോർഡിൽ അനന്ത് കുമാറായിരുന്നു തെക്കേ ഇന്ത്യയുടെ ശബ്ദം. കേരളത്തിലെ പാർട്ടി ഘടകത്തിൻറെ പാർലമെൻറിലെ വക്താവായിരുന്നു പലപ്പോഴും അനന്ത്കുമാർ.
വ്യോമയാനം, നഗരവികസനം, ടൂറിസം, സാംസ്‍കാരികം, രാസവളം ഏറ്റവും ഒടുവിലായി പാർലമെന്‍ററി കാര്യവും. അനുഭവസമ്പത്തിൽ മുൻപന്തിയിലുള്ള ഒരു നേതാവിനെയാണ് നിർണ്ണായകമായ 2019 ന് മുമ്പ് ബിജെപിക്ക് നഷ്ടമാകുന്നത്. അർദ്ധരാത്രി ജിഎസിടിയുടെ ചരിത്ര വെളിച്ചം സെൻട്രൽ ഹാളിൽ തെളിഞ്ഞപ്പോൾ പിന്നിൽ അനന്ത് കുമാറിൻറെ കഠിനാദ്ധ്വാനവും രാഷ്ട്രീയ കൗശലവുമുണ്ടായിരുന്നു.കർണ്ണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം വേരുറയ്ക്കുകയാണ്. പ്രതിഭാ ദാരിദ്ര്യവും മുതിർന്ന നേതാക്കളുടെ അനാരോഗ്യവും നരേന്ദ്ര മോദി സർക്കാരിനെ അലട്ടുന്നു. അനന്ത് കുമാറിന്‍റെ അഭാവം അതിനാൽ ബിജെപിക്ക് എല്പിക്കുന്ന ആഘാതം ചെറുതല്ല.
