ദില്ലി: രാജ്യത്ത് വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന സായുധ സേനാ പ്രത്യേകാധികാര നിയമം (അഫ്സ്‌പ) പിന്‍വലിക്കുന്നതിനെക്കുറിച്ചോ മയപ്പെടുത്തുന്നതിനെക്കുറിച്ചോ ആലോചിക്കാന്‍ പോലും സമയമായിട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്‍മീര്‍ പോലുള്ള പ്രശ്നബാധിത പ്രദേശങ്ങളില്‍ ഇടപെടുമ്പോള്‍ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സൈന്യം തന്നെ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കരിനിയമമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന അഫ്സ്‌പ പിന്‍വലിക്കുന്നതിന് കേന്ദ്ര പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരവെയാണ് കരസേനാ മേധാവിയുടെ വാക്കുകള്‍. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അഫ്സ്‌പ പിന്‍വലിക്കുന്നിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സമയമായിട്ടില്ലെന്ന് ബിപിന്‍ റാവത്ത് പ്രതികരിച്ചത്. അഫ്സ്‌പ നിയമം അനുവദിക്കുന്നത്ര തീവ്രമായ ഇടപെടല്‍ ഇതുവരെയും സൈന്യം രാജ്യത്ത് നടത്തിയിട്ടില്ല. ഞങ്ങള്‍ മനുഷ്യാവകാശങ്ങളെ മാനിക്കുന്നു. സൈനിക നടപടികള്‍ കൊണ്ടുണ്ടാവുന്ന നാശനഷ്‌ടങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് ധാരണയുണ്ട്. ആവശ്യമായ മുന്‍കരുതലുകള്‍ ഞങ്ങള്‍ സ്വീകരിക്കുന്നത് കൊണ്ട് മറ്റ് നാശനഷ്‌ടങ്ങളെക്കുറിച്ച് അധികം ഉത്കണ്ഠപ്പെടേണ്ടതില്ല. അഫ്സ്‌പ പ്രകാരം ഇടപെടുമ്പോള്‍ ജനങ്ങള്‍ക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ ഓരോ ഘട്ടത്തിലും സൈന്യത്തിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. മനുഷ്യവകാശങ്ങളുടെ കാര്യത്തില്‍ സൈന്യത്തിന് നല്ല ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.