2014 ഏപ്രില്‍ 16. അന്ന് പകല്‍ 12.30നാണ് നിനോ മാത്യു ആറ്റിങ്ങല്‍ ആലങ്കോടുളള ലിജീഷിന്റെ വീടായ തുഷാരത്തില്‍ എത്തുന്നത്.ഓമനയെയും സ്വാസ്തികയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ലിജീഷിന്റെ വരവിനായി കാത്തിരുന്നത് അര മണിക്കൂര്‍.

ലിജീഷിന്റെ നിര്‍ണായക മൊഴിയിലൂടെ പൊലീസ് പ്രതിയിലേക്കെത്തി.സംഭവദിവസം വൈകീട്ട് കുഴിവിളയിലെ വീട്ടില്‍ വച്ച് നിനോ മാത്യു പിടിയിലായി.

നിനോ മാത്യുവിന്റെ മൊബൈല്‍ പിടിച്ചെടുത്ത പൊലീസ് കണ്ടെത്തിയത് അനുശാന്തിയുമായുളള അവിഹിതബന്ധത്തിന്റെ തെളിവുകള്‍.

കൃത്യം നടത്തി രക്ഷപ്പെടാന്‍ വീടിന്റെ പല കോണുകളില്‍ നിന്നും സ്വയം എടുത്തയച്ച ദൃശ്യങ്ങളും അനുശാന്തിയെ കുടുക്കി.അന്നു തന്നെ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാകുന്നു.തൊട്ടടുത്ത ദിവസം നിനോ മാത്യുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്.

കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും പ്രതികള്‍ തമ്മിലുളള വഴിവിട്ട ബന്ധം തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പും കണ്ടെത്തി.

അന്വേഷണത്തിനൊടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 2014 ജൂലൈ 11 ന്.കേസിന്റെ വിചാരണ നടപടികള്‍ 2015 ഒക്ടോബര്‍ 12ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി.

പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.

നിനോ മാത്യു സൂക്ഷിച്ച രഹസ്യ ദൃശ്യങ്ങള്‍ അടച്ചിട്ട കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് തെളിവായി സ്വീകരിച്ചത്.

ഒടുവില്‍ സംഭവം നടന്ന് രണ്ടുവര്‍ഷം തികയാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ പ്രതികള്‍ കുറ്റക്കാരെന്ന കോടതി വിധി.

ഒടുവില്‍ 2016 ഏപ്രില്‍ 18ന് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു