ബംഗലൂരു: ടിപ്പു ജയന്തിയുടെ പേരില്‍ കര്‍ണാടകത്തില്‍ ബിജെപി- കോണ്‍ഗ്രസ് പോര് തുടരുന്നതിനിടെ ടിപ്പു സുല്‍ത്താനെ പ്രശംസിച്ച് രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്. ടിപ്പു ബ്രിട്ടീഷുകാരോട് പൊരുതി വീരചരമം വരിച്ചയാളാണെന്ന് കര്‍ണാടക നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ രാഷ്‌ട്രപതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രപതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി ആരോപിച്ചപ്പോള്‍ ചരിത്രസത്യമാണ് പരാമര്‍ശിച്ചതെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി.

വജ്രജൂബിലി ആഘോഷിക്കുന്ന നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ കര്‍ണാടക പ്രബലരായ സൈനികരുടെ മണ്ണാണെന്ന് പറഞ്ഞാണ് രാഷ്‌ട്രപതി ടിപ്പുവിലേക്കെത്തിയത്.കോളോണിയല്‍ ശക്തികള്‍ക്കെതിരെ പോരാടിയവരുടെ കൂട്ടത്തില്‍ ടിപ്പുവിനെ ചേര്‍ത്ത രാഷ്‌ട്രപതി അദ്ദേഹത്തിന്‍രേത് വീരചരമമെന്നും പ്രകീര്‍ത്തിച്ചു.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പുസുല്‍ത്താന്‍ വീരചരമം വരിച്ചയാളാണ്.യുദ്ധത്തില്‍ മൈസൂരു റോക്കറ്റുകള്‍ ഉപയോഗിച്ച അദ്ദേഹം വികസന കാര്യങ്ങളില്‍ മുന്നേ നടന്നു.ആ സാങ്കേതിക വിദ്യ  പിന്നീട് യൂറോപ്യന്‍മാര്‍ സ്വീകരിച്ചു-രാഷ്ട്രപതി പറഞ്ഞു. കയ്യടികളോടെയാണ് ഭരണപക്ഷബെഞ്ച് രാഷ്‌ട്രപതിയുടെ വാക്കുകളെ സ്വീകരിച്ചത്.എന്നാല്‍ പ്രതിപക്ഷത്ത് നിശബ്ദത.മതഭ്രാന്തനും കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയ ആളുമാണ് ടിപ്പുവെന്നായിരുന്നു ബിജെപി വാദം.

ഇക്കാരണം പറഞ്ഞാണ് സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷങ്ങളെ ബിജെപി എതിര്‍ത്തതും.എന്നാല്‍ രാഷ്‌ട്രപതിയുടെ ടിപ്പു പ്രശംസ അവര്‍ക്ക് തിരിച്ചടിയായി. സര്‍ക്കാര്‍ എഴുതി നല്‍കിയതാണ് രാഷ്‌ട്രപതി വായിച്ചതെന്നും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ബിജെപി നേതാവ് കെ ഇ ഈശ്വരപ്പ കുറ്റപ്പെടുത്തി.രാഷ്‌ട്രപതിയെ അഭിനന്ദിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചരിത്രസത്യമാണ് അദ്ദേഹം പറഞ്ഞെതെന്നും  അത് മാറ്റിയെഴുതാന്‍ ബിജെപി വിഫലശ്രമം നടത്തുകയാണെന്നും മറുപടി നല്‍കി.