തിരുപ്പതി തിരുമല വെങ്കിടാചല ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്. ഹിന്ദു വിശ്വാസികളല്ലാത്ത ജീവനക്കാരെ ഇവിടെ നിയമിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പിരിച്ചുവിടാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ മൂന്ന് ആഴ്ചയ്‌ക്കകം അറിയിക്കണമെന്നും കാണിച്ചാണ് 44 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ ഒരു ജീവനക്കാരി തന്റെ സ്വന്തം കാറില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പോകുന്നതും പ്രാര്‍ത്ഥിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. 1989 വരെ ടി.ടി.ഡിയില്‍ ജീവനക്കാരെ നിയമിക്കുന്നതില്‍ ഇത്തരം നിബന്ധനകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ 1989 മുതല്‍ 2007 വരെ ഹിന്ദുവിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു അധ്യാപകേതര ജോലിയ്‌ക്ക് പ്രവേശനം നല്‍കിയിരുന്നത്. 2007 മുതല്‍ എല്ലാ ജോലികളിലും ഹിന്ദു ജീവനക്കാരെ മാത്രമാണ് നിയമിക്കുന്നത്.

എന്നാല്‍ തങ്ങള്‍ വര്‍ഷങ്ങളായി ഹിന്ദു ആചാര പ്രകാരമാണ് ജീവിക്കുന്നതെന്നും വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളെല്ലാം അത്തരത്തിലാണ് നടത്തിയിട്ടുള്ളതെന്നും കാണിച്ച് ചില ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് നോട്ടീസിന് മറുപടി നല്‍കാനാണ് ജീവനക്കാരുടെ തീരുമാനം. എന്നാല്‍ പിരിച്ചുവിടപ്പെടുകയാണെങ്കില്‍ അവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.