ചുമട്ടുതൊഴിലാളിയെ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍
തിരൂര്: തിരൂരില് ചുമട്ട് തൊഴിലാളിയെ കല്ലുകൊണ്ടടിച്ച് കൊന്ന കേസില് ഒരാള് പിടിയിൽ. ഇന്നു പുലര്ച്ചെ ഒരു മണിയോടെയാണ് മത്സ്യതൊഴിലാളിയായ സൈതലവിയെ തലക്കടിച്ച് കൊന്നത്. തിരൂര് മത്സ്യമാര്ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയായ സൈതലവി മാര്ക്കെറ്റിനടുത്ത ഇരുനില കെട്ടിടത്തിലെ കടമുറിയില് കിടന്നുറങ്ങുന്നതിനിടെയാണ് കൊല്ലപെട്ടത്.
വലിയൊരു കല്ല് തലക്കിട്ടാണ് സൈതലവിയെ കൊന്നത്. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ചിലര് ഓടിയെത്തി തിരൂര് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒമ്പതുമണിയോടെ തന്നെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നഗരത്തില് അലഞ്ഞ് തിരിഞ്ഞ നടക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് കസ്റ്റഡിയിലുള്ളത്. രാത്രിയില് കടമുറിയില് കിടക്കുന്നതു സംബന്ധിച്ച് ഇരുവരും തമ്മില് തര്ക്കമുണ്ടായിരുന്നുവെന്നും ആ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഏറെ നാളായി തിരൂരും പരിസരപ്രദേശങ്ങളിലും ഒരു കല്ലുമായി നടക്കുന്ന യുവാവിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ആര്ക്കും അറിയില്ല. ഇന്ക്വസ്റ്റും കോഴിക്കോട് മെഡിക്കല് കോളേജില് നിന്ന് പോസ്റ്റ്മോര്ട്ടവും പൂര്ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കി.
