ജയലളിതയെ ആന്‍ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം ആരാണ് എതിര്‍ത്തത്? എവിടെയോ കള്ളക്കളി നടന്നിട്ടുണ്ട്. അതില്‍ കേസെടുക്കണം
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജെ.ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തമിഴ്നാട് നിയമമന്ത്രി സി.വി ഷണ്‍മുഖം. 2016ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്നും, വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നും ഷണ്‍മുഖം പറഞ്ഞു.
ജയലളിതയെ ആന്‍ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം ആരാണ് എതിര്‍ത്തത്? എവിടെയോ കള്ളക്കളി നടന്നിട്ടുണ്ട്. അതില്‍ കേസെടുക്കണം. അവരുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കേസ് വേണമെന്നും അവരുമായി ബന്ധപ്പെട്ടവരെ കുറിച്ച് അന്വേഷണം വേണമെന്നും ഷണ്‍മുഖം ആവശ്യപ്പെട്ടു. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരണമടഞ്ഞത്.
അവരുടെ മരണത്തെ കുറിച്ച് അന്വേഷണത്തിന് ഒരു അന്വേഷണ കമ്മീഷനെ എഐഎഡിഎംകെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ജയലളിതയ്ക്ക് നല്‍കിയ ചികിത്സയില്‍ പിഴവുണ്ടായിരുന്നുവെന്ന് കമ്മീഷന്‍റെ അഭിഭാഷകന്‍ ഒരു ഹര്‍ജിയില്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രിയുമായി ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും 'അനുചിതമായ ചികിത്സയാണ്' അവര്‍ക്ക് നല്‍കിയിരുന്നതെന്നുമാണ് കമ്മീഷന്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.
അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന പി രമാ മോഹന റാവുവും മനഃപൂര്‍വ്വം തെറ്റായ തെളിവുകളാണ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ആശുപത്രിയും ആരോഗ്യസെക്രട്ടറിയും ഇക്കാര്യം നിഷേധിച്ചു. ചീഫ് സെക്രട്ടറിയാകട്ടെ പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.
