ചെന്നൈ: പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലക്കെതിരായ രാഷ്‌ട്രീയ ബലാബലത്തില്‍ ജയിച്ചെങ്കിലും മുഖ്യമന്ത്രിയാകാന്‍ ഒ.പനീര്‍ശെല്‍വത്തിന് മുന്നില്‍ കടമ്പകളേറെയാണ് . നിലവില്‍ 11 എംഎല്‍എമാര്‍ മാത്രമാണ് പനീര്‍ശെല്‍വം പക്ഷത്ത്പരസ്യമായി രംഗത്തുള്ളത്. ഡിഎംകെയും കോണ്‍ഗ്രസും പിന്തുണച്ചാല്‍ പോലും 117 എന്ന മന്ത്രിക സംഖ്യയിലെത്താന്‍ ശശികല പക്ഷത്ത് നിന്ന് കൂടുതല്‍ പേരെ സ്വന്തം പാളയത്തിലെത്തിക്കേണ്ടി വരും.

 234 എംഎല്‍എമാരുള്ള തമിഴ്നാട് നിയമസഭയില്‍ ജയലളിതയുടെ മരണ ശേഷം 134അംഗങ്ങളാണ് അണ്ണാഡിഎംകെയ്‌ക്കുള്ളത്. ഇതില്‍ 11പേര്‍ മാത്രമാണ് പനീര്‍ശെല്‍വത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുള്ളത്. 123പേരുടെ പിന്തുണയുമായി രംഗത്തെത്തിയ ശശികല പക്ഷത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആദ്യ അവസരം നല്‍കാനാണ് സാധ്യത. സഭയില്‍ അവരെ തോല്‍പ്പിക്കാനാകുമെന്നും ശശികല പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ തങ്ങളുടെ പാളയത്തിലേക്ക് വരുമെന്നാണ് പനീര്‍ശെല്‍വം പക്ഷം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

89എംഎല്‍എമാരുള്ള ഡിഎംകെയും എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസും പിന്തുണച്ചാല്‍ പോലും 109പേരുടെ പിന്തുണയേ പനീര്‍ശെല്‍വത്തിന് കിട്ടൂ. 117 സീറ്റെന്ന കേവല ഭൂരിപക്ഷത്തിലെത്തണമെങ്കില്‍ അപ്പോഴും എട്ടു സീറ്റിന്റെ കുറവ്. ഇത്രയും പേരെയെങ്കിലും ശശികല പക്ഷത്ത് നിന്ന് സ്വന്തം പാളയത്തിലെത്തിക്കാനാകുമെന്ന് തന്നെയാണ് ഒപിഎസ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി വന്നതോടെ രണ്ട് എംഎല്‍എമാര്‍ കൂടി ഒപിഎസ് പക്ഷത്തെത്തിയത് അവരുടെ ആത്മവിശ്വാസം കൂട്ടുകയും ചെയ്യുന്നു.

മറ്റു പാര്‍ട്ടികളില്‍ ഒരു എംഎല്‍എ ഉള്ള മുസ്ലീംലീഗ് മാത്രമാണ് പനീര്‍ശെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്..പിന്‍വാതിലിലൂടെ അധികാരം പിടിക്കാന്‍ ഡിഎംകെ ഇല്ലെന്ന് പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണര്‍ അടിയന്തര മന്ത്രിസഭായോഗം വിളിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.