ഇടുക്കി: അതിര്‍ത്തി മേഖലകള്‍ക്കടുത്തു തമിഴ്‌നാട്ടിലുള്ള നിരോധിത പുകയില വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെ തമിഴ്‌നാട് പൊലീസുമായി ചേര്‍ന്നു നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഇതിന്റെ ഭാഗമായി തമിഴ്‌നാട് ഡിജിപിയുമായി മധുരയില്‍ വച്ച് അടുത്ത ദിവസം യോഗം നടത്തും.  കുമളി എക്‌സൈസ് ചെക്പോസ്റ്റില്‍ പരിശോധനക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്.

ഇടുക്കിയിലെ കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളില്‍ അതിര്‍ത്തിയോടു ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന നിരവധി കടകളുണ്ട്. സ്‌ക്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെനിന്നാണു പാന്‍പരാഗ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വാങ്ങുന്നത്. കടകള്‍ പ്രവര്‍ത്തിക്കുന്നത് അതിര്‍ത്തിക്കപ്പുറത്തായതിനാല്‍ നടപടി എടുക്കാന്‍ എക്‌സൈസ് വകുപ്പിനു കഴിയുന്നില്ല.  തമിഴ്‌നാട് പൊലീസും ഇത് തടയുന്നില്ല.  ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു എക്‌സൈസ് കമ്മീഷണറുടെ ഈ മറുപടി.

ലഹരി മരുന്നു കടത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ തമിഴ്‌നാട് പൊലീസിനു കൈമാറിയിട്ടുണ്ട്.  തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ കഞ്ചാവ് കടന്നു വരുന്ന ചെക് പോസ്റ്റുകളിലൊന്നാണ് കുമളി.  ഇവിടുത്തെ പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ഡെപ്യൂട്ടി കമ്മിഷണര്‍ ആഴ്ചയില്‍ ഒരു ദിവസം ചെക്കുപോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തണമെന്നും നിര്‍ദ്ദേശിച്ചു.

തമിഴ്‌നാട്ടില്‍നിന്നു വരുന്ന സത്രീ തൊഴിലാളികള്‍ കഞ്ചാവുള്‍പ്പെടെയുള്ള വസ്തുക്കള്‍ കൊണ്ടു വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.  ഇത് പരിശോധിക്കാന്‍ വനിത എക്‌സൈസ് ഗാര്‍ഡിനെ നിയമിക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.