Asianet News MalayalamAsianet News Malayalam

ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം; അടുപ്പ് കൂട്ടി ആയിരങ്ങൾ

രാവിലെ 10 15ന് പണ്ടാര അടുപ്പിൽ തീ കൊളുത്തുന്നതോടെ തുടക്കമാവുന്ന പൊങ്കാലയ്ക്ക് അരിയും പയറും ഒരുക്കി ആയിരക്കണക്കിന് സ്ത്രീകളാണ് തലസ്ഥാനനഗരിയിൽ അടുപ്പ് കൂട്ടി കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നേദിക്കുന്ന ചടങ്ങ്

today attukal ponkala
Author
Thiruvananthapuram, First Published Feb 20, 2019, 7:05 AM IST

തിരുവനന്തപുരം: കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന ഇന്ന് ആറ്റുകാൽ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്‍റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ 10 15ന് പണ്ടാര അടുപ്പിൽ തീ കൊളുത്തുന്നതോടെ തുടക്കമാവുന്ന പൊങ്കാലയ്ക്ക് അരിയും പയറും ഒരുക്കി ആയിരക്കണക്കിന് സ്ത്രീകളാണ് തലസ്ഥാനനഗരിയിൽ അടുപ്പ് കൂട്ടി കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നേദിക്കുന്ന ചടങ്ങ്.  

ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് രാവിലെ ആറ്റുകാലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബാരിക്കേഡുകൾ വെച്ചും കയറുകെട്ടിയും തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ ദർശനം നടത്തുന്നതിനുള്ള സൗകര്യം പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല പ്രമാണിച്ച് തലസ്ഥാനനഗരം പൂര്‍ണമായും സുരക്ഷാവലയത്തിലാണ്. വനിതാ പൊലീസുകാരടക്കം 3700 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 

ശ്രീകോവിലിനുള്ളിൽ നിന്നും പകരുന്ന തീ മേൽശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്കും സഹ മേൽശാന്തി പണ്ടാര അടുപ്പിലേക്കും പകരുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. ക്ഷേത്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവ് വരെ പൊങ്കാലക്കളങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. രണ്ടു ദിവസം മുമ്പ് തന്നെ ഭക്തർ പൊങ്കാലയിടാനുള്ള ഇടം കണ്ടെത്താൻ എത്തിയിരുന്നു. ഉച്ചയ്ക്ക് 2 15ന് പൊങ്കാല അടുപ്പിൽ തീ കൊളുത്തും മുമ്പുള്ള തോറ്റം പാട്ടിൽ പാണ്ഡ്യരാജാവിന്‍റെ വധം വരെ പാടിത്തീ‍ക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുന്നത്. ഒപ്പം വായ്ക്കുരവയും ചെണ്ട മേളവും കതിനാവെടിയുമുണ്ടാകും.
 

Follow Us:
Download App:
  • android
  • ios