ദേശീയ പാതകളില്‍ ടോള്‍ പുന:സ്ഥാപിച്ച ആദ്യ ദിനം ചില്ലറ ക്ഷാമം മൂലമുള്ള പ്രതിസന്ധി രൂക്ഷം. ആവശ്യത്തിന് സ്വൈപിങ് മിഷീനുകളെത്തിക്കാത്തതും പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി. തൃശൂര്‍ പാലിയേക്കര ടോളില്‍ രാവിലെ മുതല്‍ തന്നെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.

നോട്ടുപ്രതിസന്ധിയെത്തുര്‍ന്ന് നിര്‍ത്തിവച്ച ടോള്‍ പിരിവ് കഴിഞ്ഞ ദിവസം അര്‍ധ രാത്രിമുതലാണ് പുനസ്ഥാപിച്ചത്. കറന്‍സിരഹിത വിനിമയത്തിനായി ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകളും ഫാസ്റ്റ് ടാഗ് സംവിധാനവും ടോളില്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പാലിയേക്കരയല്‍ നാല് മിഷീനുകള്‍ മാത്രമാണ് എത്തിച്ചത്. മിക്കവരും രണ്ടായിരം രൂപ നല്‍കിയതോടെ ടോള്‍ പിരിവ് പ്രതിസന്ധിയിലായി.

രാവിലെ മുതല്‍ തന്നെ വാഹനങ്ങളുടെ നീണ്ട നിരയാണ് ടോളിലുണ്ടായിരുന്നത്. ഇതോടെ യാത്രക്കാര്‍  വലഞ്ഞു.

രണ്ടായിരം രൂപ നല്‍കിയ ചെറുവാഹനങ്ങളെ ടോള്‍ ഈടാക്കാതെ കടത്തിവിട്ടാണ് പ്രതിസന്ധി പരിഹരിച്ചത്.

ഈ മാസം പതിനഞ്ച് വരെ അഞ്ഞൂറു രൂപ എടുക്കുമെന്ന് അറിയിച്ചെങ്കിലും ഇരുനൂറു രൂപയ്ക്കു മുകളില്‍ ടോള്‍ നല്‍കുന്ന വലിയ വാഹനങ്ങളില്‍ നിന്നാണ് അഞ്ഞൂറു രൂപ സ്വീകരിച്ചത്

വരും ദിവസങ്ങളില്‍ കൂടുതല്‍ സ്വൈപ്പിങ് മെഷീനുകള്‍ എത്തിക്കുമെന്ന് ടോള്‍ അധികൃതര്‍ പറഞ്ഞു.