കോഴിക്കോട്: ഹോട്ടല്‍ ബില്ലടച്ചില്ലെന്ന ആരോപണം വിവാദമായതോടെ എഡിജിപി ടോമിന്‍തച്ചങ്കരി ഹോട്ടല്‍ബില്‍ തുക തിരിച്ചടച്ചു. കോഴിക്കോട്ടെ ഹോട്ടലില്‍ തങ്ങിയ ശേഷം ബില്‍ തുക നല്‍കാതെ തച്ചങ്കരി പോയിയെന്ന വാര്‍ത്ത പുറത്തു വന്നതിന്‌ശേഷമാണ് പണം തിരികെ അടച്ചത്. പണം മുന്‍പേ അടച്ചിരുന്നുവെന്നായിരുന്നു തച്ചങ്കരിയുടെ ആദ്യ പ്രതികരണം.
തീരദേശ പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാനാണ് കഴിഞ്ഞ ഏപ്രിലില്‍ എഡിജിപി ടോമിന്‍ തച്ചങ്കരി കോഴിക്കോട് എത്തിയത്. റാവീസ് ഹോട്ടലില്‍ 8ന് മുറിയെടുത്ത തച്ചങ്കരി പിറ്റേന്ന് മടങ്ങുകയും ചെയ്തു. ബില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേല്‍പിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചാണ് പോയത്. എന്നാല്‍ മാസം മൂന്ന് കഴിഞ്ഞിട്ടും ഹോട്ടലിന് പണം കിട്ടാതായതോടെയാണ് വിവരം പുറത്തായത്. 8519 രൂപയാണ് നക്ഷത്രഹോട്ടലിലെ ഒരു ദിവത്തെ താമസത്തിന് ചെലവായത്.
എന്നാല്‍ തച്ചങ്കരിയുടെ തസ്തികയിലുള്ളയാള്‍ക്ക് താമസത്തിന് നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ കൂടുതലായതോടെ ഇത്രയും പണം അനുവദിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. വാര്‍ത്ത പുറത്തായതോടെ ഉച്ചക്ക് രണ്ട് മണിയോടെ തച്ചങ്കരി സ്വന്തം അക്കൗണ്ടില്‍ നിന്ന് ഹോട്ടലിന് പണം നല്‍കി.
ഓണ്‍ലൈന്‍ മുഖേന പണമടക്കുകയായിരുന്നുവെന്നാണ് റാവീസ് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചത്. അതേ സമയം വാര്‍ത്ത പുറത്ത് വന്നപ്പോള്‍ താന്‍ നേരത്തെ തന്നെ പണമടച്ചിരുന്നുവെന്നായിരുന്നു തച്ചങ്കരിയുടെ പ്രതികരണം. ബില്‍ പോലീസ് ആസ്ഥാനത്തെത്താന്‍ വൈകിയെന്നും അതിനാലാണ് കാലതാമസം നേരിട്ടതെന്നും തച്ചങ്കരി വിശദീകരിച്ചിരുന്നു
