അക്രമി രഹസ്യ സന്ദേശമയച്ചതായി കണ്ടെത്തല്‍ അന്വേൽണത്തിന് പിന്നിലെ കാരണം തേടി പൊലീസ്

ടൊറണ്ടോ: കാനഡയിലെ ടൊറണ്ടോയില്‍ വഴിയാത്രികര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി 10 പേരെ കൊലപ്പെടുത്തിയ ആള്‍ ആക്രമണത്തിന് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ രഹസ്യ സന്ദേശമയച്ചതായി പൊലീസ്. ഫേസ്ബുക്കിലൂടെയാണ് സന്ദേശം കൈമാറിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോയെന്ന് ടൊറണ്ടോ പൊലീസ് പരിശോധിക്കുകയാണ്. 

അതേ സമയം രാജ്യത്തിന് സുരക്ഷാ ഭീഷണി ഇല്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും യുവതികളാണ്. സ്ത്രീകളോടുള്ള ദേഷ്യമാണോ ആക്രമണത്തിന് പിന്നിലെ കാരണമെന്ന സംശയവും പൊലീസിനുണ്ട്. ഫേസ്ബുക്ക് മിനാസിയുടെ അകൗണ്ട് ഡിലീറ്റ് ചെയ്തു. വാന്‍ ഓടിച്ചിരുന്ന അലക് മിനാസിയനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വഴിയാത്രികര്‍ക്കിടയിലേക്ക് മനഃപൂര്‍വ്വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.