കൊല്ലം: കൊല്ലത്ത് ഒരു ട്യൂഷൻ സെന്‍ററില്‍ അധ്യാപകൻ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ജനിസിസ് എന്ന ട്യൂഷൻ സെന്‍ററിലാണ് സംഭവം.എന്നാല്‍ ദൃശ്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് ട്യൂഷൻ സെന്‍ററിന്‍റെ വാദം

കൊല്ലം തങ്കശേരിയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷൻ സെന്‍ററിലെ വൈകുന്നേര ക്ലാസിലാണ് സംഭവം. സെൻററിന്‍റെ നടത്തിപ്പുകാരൻ കൂടിയായ ക്ലംസൻ എന്ന അധ്യാപകനാണ് ക്ലാസെടുക്കുന്നത്. ഇദ്ദേഹം തന്നെയാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നുവെന്നാരോപിച്ചാണ് മര്‍ദ്ദനം.

ഈ ട്യൂഷൻ സെൻററിന് സമീപത്ത് താമസിക്കുന്ന പൊതുപ്രവര്‍ത്തകനായ ഒരാളാണ് ഈ ദ്യശ്യങ്ങള്‍ പകര്‍ത്തിയത്. ഈ സെന്‍ററിലെ കുട്ടികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം നടക്കുന്നുണ്ടെന്ന് നിരവധി പരാതി ഉയര്‍ന്നിരുന്നു. ചില രക്ഷിതാക്കളുടെ പിന്തുണയും ഇതിനുണ്ടെന്ന് പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത കുട്ടികള്‍ പറയുന്നു. അതേ സമയം തന്‍റെ ട്യൂഷൻ സെന്‍ററിലെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തിയെന്നാരോപിച്ച് നടത്തിപ്പുകാരനായ ക്ലംസണ്‍ പള്ളിത്തോട്ടം പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.