പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ചരിത്ര നിയമം നരേന്ദ്ര മോദി സര്‍ക്കാരാണ് പാസാക്കിയത്. ഇരകളാക്കുന്ന സ്ത്രീകള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള എല്ലാവിധി സഹായങ്ങളും ചെയ്യാനാകണം
ഇന്‍ഡോര്‍: ജോലി സ്ഥലത്ത് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളുടെ മീ ടൂ ക്യാംപയിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇതിനകം പല പ്രമുഖരുടെയും പേരുകള്‍ ഭയം വെടിഞ്ഞ് സ്ത്രീകള്‍ വെളിപ്പെടുത്തി കഴിഞ്ഞു. ഇതിനിടെ വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.
രാജ്യത്ത് സ്ത്രീ സംരക്ഷണത്തിനായി കര്‍ശനമായ നിയമങ്ങളുണ്ടെന്നും നീതിക്കായി പൊലീസിനെയും കോടതിയെയും സമീപിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സംരക്ഷണമുറപ്പാക്കുന്നതിനായി പൊലീസ് സംവിധാനവും ശക്തമായ നിയമങ്ങളും ഇന്ത്യയിലുണ്ട്.
നിയമപരമായുള്ള സംരക്ഷണം ആവശ്യമുള്ള സ്ത്രീകള്‍ക്ക് ഏറ്റവും സമീപമുള്ള പൊലീസ് സ്റ്റേഷന് സമീപിക്കാവുന്നതാണ്. നീതിക്കായി കോടതിയുടെ വാതിലുകളില്‍ മുട്ടുകയും ചെയ്യാം. മീ ടൂ മൂവ്മെന്‍റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് സ്മൃതി ഇറാനി ഇത്തരത്തില്‍ പ്രതികരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ചരിത്ര നിയമം നരേന്ദ്ര മോദി സര്‍ക്കാരാണ് പാസാക്കിയത്. ഇരകളാക്കുന്ന സ്ത്രീകള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള എല്ലാവിധി സഹായങ്ങളും ചെയ്യാനാകണം.
പെണ്‍കുട്ടികളെ ശല്യം ചെയ്തു തുടങ്ങുന്നത് പിന്നീട് വലിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയാണ്. പ്രദേശത്ത് ആരെങ്കിലും പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരുണ്ടെങ്കില്‍ അത് പൊലീസിനെയോ പൊതുപ്രവര്‍ത്തകരെയോ എത്രയും വേഗം വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ, കേന്ദ്ര മന്ത്രി എം.ജെ. അക്ബറിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ വന്നിരുന്നു. ആ വിഷയത്തില്‍ ആരോപണങ്ങളില്‍ എത്രയും വേഗം അദ്ദേഹം മറുപടി നല്‍കണമെന്ന ആവശ്യമാണ് സ്മൃതി ഇറാനി ഉന്നയിച്ചത്. നേരിട്ട പ്രശ്നങ്ങളും അതിക്രമങ്ങളും തുറന്ന് പറയുന്നവരെ വിധിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.
