വയനാട്: ലൈന്‍ബസുകള്‍ ട്രിപ്പ് മുടക്കി വിവാഹപാര്‍ട്ടികളെ കൊണ്ടു പോകുന്നതിനെതിരെ ടൂറിസ്റ്റ് ബസുടമകളുടെ പ്രതിഷേധം. മേപ്പാടിയിലാണ് ടൂറിസ്റ്റ് ബസുകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട് ഉടമകള്‍ പ്രതിഷേധിച്ചത്. ഇത് വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമിടയാക്കി. മേപ്പാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ചൂണ്ടേല്‍ റൂട്ടിലെ യാത്രക്കാരെ വിളിച്ച് ബസില്‍ കയറ്റിയായിരുന്നു ഉടമകളുടെ സമരം. മേപ്പാടി-ചൂണ്ടേല്‍ റൂട്ടിലോടുന്ന ബനാറസ് ബസിനെതിരെയാണ് ടൂറിസ്റ്റ് ബസുടമകള്‍ രംഗത്തെത്തിയത്. 

ഈ റൂട്ടില്‍ ലൈന്‍ബസുകളായി സര്‍വ്വീസ് നടത്തുന്ന ബസുകള്‍ വിവാഹം, രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ തുടങ്ങിയവക്ക് സര്‍വ്വീസ് മുടക്കി കരാര്‍ വാഹനങ്ങളായി ഓടുകയാണെന്ന് ടൂറിസ്റ്റ് ബസുടമകള്‍ ആരോപിച്ചു. ഇത് കാരണം ഭീമമായ തുക നികുതിയും ഇന്‍ഷൂറന്‍സും അടച്ച ടൂറിസ്റ്റ് ബസുകള്‍ നിര്‍ത്തിയിടേണ്ട ഗതികേടിലാണത്രേ. ഞായറാഴ്ചയാണ് ലൈന്‍ ബസുകള്‍ കൂടുതലും ട്രിപ്പ് മുടക്കുന്നത്. ഇത് കാരണം യാത്രക്കാരും പെരുവഴിയിലാകുകയാണെന്ന് ടൂറിസ്റ്റ് ബസുകളുടെ ഉടമകള്‍ ആരോപിച്ചു. 

സമരം തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ വാക്കേറ്റവും സംഘര്‍ഷവും ആരംഭിച്ചിരുന്നു. സംഘര്‍ഷം കൈയ്യാങ്കളിയിലെത്തുമെന്നായതോടെ പോലീസ് ഇടപ്പെട്ട് സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചയും നടന്നു. ലൈന്‍ബസുകള്‍ ട്രിപ്പ് മുടക്കി മറ്റു ഓട്ടങ്ങള്‍ക്ക് കൊണ്ടുപോകില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോ. ഭാരവാഹികള്‍ അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. ഇതോ ടൂറിസ്റ്റ് ബസുകളെല്ലാം സ്റ്റാന്‍ഡില്‍ നിന്ന് കൊണ്ടുപോകുകയും ചെയ്തു.