തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനത്തേക്ക് പുനര്‍നിയമനം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഡിജിപി ടി.പി സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. ഡിജിപി സ്ഥാനത്ത് നിന്ന് നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഡിജിപി പുനര്‍നിര്‍ണയ കേസില്‍ കര്‍ണാടക ചീഫ് സെക്രട്ടറിയെ കോടതി ശിക്ഷിച്ച കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കഴിഞ്ഞ ഇരുപത്തി നാലിനായിരുന്നു ഡിജിപി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദ് ചെയ്തത് ഉടന്‍ നിയമനം നല്‍കാന്‍ ഉത്തരവിട്ടത്.

പതിനൊന്നുമാസം നീണ്ട നിയമപോരാട്ടത്തിന് ശേഷമായിരുന്നു സുപീംകോടതിയില്‍ നിന്നും സെന്‍കുമാറിന് അനുകൂല വിധി കിട്ടുന്നത്. ഏപ്രില്‍ 24ന് സുപ്രീം കോടതി ഇറക്കിയ ഉത്തരവില്‍ സെന്‍കുമാറിനെ ഉടന്‍ ഡിജിപിയാക്കി പുനര്‍ നിയമനം നല്‍കണമെന്നും വ്യക്തമാക്കിയിരുന്നു ഉത്തരവിന്റെ പകര്‍പ്പ് സെന്‍കുമാര്‍ സര്‍ക്കാറിന് കൈമാറിയിരുന്നു. പുനര്‍നിയമനം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തും നല്‍കി. 

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിയമ സെക്രട്ടറിയും കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനെമെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പുനര്‍ നിയമനം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. സെന്‍കുമാറിനെ നീക്കിയ അതേ ഉത്തരവിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിയമന ഉത്തരവും ഉള്ളത്. സെന്‍കുമാറിനെ നീക്കിയ ഉത്തരവ് ഈ നിയമനത്തിനും ബാധകമാകുമോ എന്നതാണ് സര്‍ക്കാറിന് അറിയേണ്ടത്.