പുതിയ സംവിധാനത്തിലൂടെ നിങ്ങള്‍ക്ക് വീട്ടിലെ കേബിൾ\ഡിടിഎച്ച് കണക്‌ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാം. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പുതിയ ഭേദഗതി നല്‍കുന്നത്

ദില്ലി: ടെലിവിഷന്‍ ചാനലുകളുടെ തെരഞ്ഞെടുപ്പില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുളള ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യുടെ പുതിയ മാറ്റങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് പണം അടയ്ക്കാതെ തന്നെ ഫ്രീ ആയി കാണാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതിനായി കേബിള്‍ ഓപ്പറേറ്റര്‍മാരോട് ഏഷ്യാനെറ്റ് ന്യൂസ് സൗജന്യ ചാനലായി ആവശ്യപ്പെട്ട് നേരിട്ടോ വെബ്സെെറ്റ് വഴിയോ നിര്‍ദേശം കൊടുത്താല്‍ മതിയാകും. ഇതുവരെ വരെ രാജ്യത്തെ 40 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് ട്രായ് നിര്‍ദേശം അനുസരിച്ച് ചാനലുകള്‍ തെരഞ്ഞെടുത്തിട്ടുള്ളൂ.

ജനുവരി 31നുള്ളില്‍ എല്ലാവരിലേക്കും ഈ നിര്‍ദേശങ്ങള്‍ എത്തിക്കാനാകുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ നിങ്ങള്‍ക്ക് വീട്ടിലെ കേബിൾ\ഡിടിഎച്ച് കണക്‌ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാം.

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പുതിയ ഭേദഗതി നല്‍കുന്നത്. ട്രായിയുടെ പുതിയ നിര്‍ദേശം ഉപഭോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ അത് മാറ്റുന്നതിനായി ചാനല്‍ സെലക്ടര്‍ ആപ്ലിക്കേഷന്‍ അധികൃതര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇത് ഉപയോഗിച്ച് ചാനലും അവയുടെ വരിസംഖ്യ എത്രയെന്നും അറിയാന്‍ സാധിക്കും. ഇതിനായി https://channel.trai.gov.in/ എന്ന വെബ്സെെറ്റ് ആണ് സന്ദര്‍ശിക്കേണ്ടത്. 100 ചാനലുകള്‍ ഉള്ള അടിസ്ഥാന പാക്ക് ആണ് പ്രധാനമായും ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതിന് 130 രൂപയായിരിക്കും ഈടാക്കുക.

ജിഎസ്ടി കൂടെ ഉള്‍പ്പെടുത്തുമ്പോള്‍ ഉപഭോക്താവ് 154 രൂപ നല്‍കേണ്ടി വരും. ഇതിൽ 25 ചാനലുകൾ ദൂരദർശന്‍റെ ചാനലുകളായിരിക്കും. ഇതിന് പുറമേയുള്ള ഫ്രീ ചാനലുകളില്‍ നിന്നും 75 എണ്ണം ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ട്രായിയുടെ നിര്‍ദ്ദേശപ്രകാരം ഒരു ചാനലിന് ഇനിമുതല്‍ നിരക്ക് 19 രൂപയില്‍ കൂടാന്‍ പാടില്ല.

സ്റ്റാര്‍ ഗ്രൂപ്പിന്‍റെ പ്രധാന ചാനലുകള്‍ക്ക് 19 രൂപയാണ് നിരക്ക്. സൂര്യ എച്ച്ഡിക്ക് 19 രൂപയും സൂര്യയ്ക്ക് 12 രൂപയുമാണ് നിരക്ക്. സീ കേരളത്തിന് 10 പൈസയും സ്റ്റാര്‍ മൂവീസിന് 12 രൂപയും നല്‍കണം. ടെന്‍ ചാനലുകള്‍ക്ക് 19 രൂപയാണ് നിരക്ക്. ആനിമല്‍ പ്ലാനറ്റ്, നാഷണല്‍ ജിയോഗ്രാഫി എന്നിവയ്ക്ക് രണ്ട് രൂപയാണ് നിരക്ക്.