കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ തീവണ്ടികള്‍ വൈകിയോടിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ട്രെയിന്‍ വൈകിയോടിയതെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഡിസംബര്‍ ആറുവരെ അറ്റകുറ്റപണികള്‍ തുടരുമെന്നും റെയില്‍വേ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ മുതലാണ് ട്രെയിനുകള്‍ വൈകിയോടിയത്. രാവിലെ ഏഴേകാലിന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട ധന്‍ബാദ് എക്പ്രസ് എട്ടരയ്ക്കാണ് യാത്ര തുടങ്ങിയത്. ജനശതാബ്ദിയും വൈകി. തീവണ്ടികളില്‍ പലതും വഴിയില്‍ പിടിച്ചിട്ടു. മണിക്കൂറുകള്‍ വൈകിയാണ് പല തീവണ്ടികളും സ്‌റ്റേഷനിലെത്തിയത്. യാത്രക്കാര്‍ ദുരിതത്തിലായി.

അതേസമയം അങ്കമാലിക്കും കറുകുറ്റിക്കുമിടയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് തീവണ്ടികള്‍ വൈകിയോടുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ വിശദീകരിച്ചു. ഡിസംബര്‍ ആദ്യവാരം വരെ ഈ അറ്റകുറ്റപണികള്‍ തുടരുമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും റെയില്‍വേ അറിയിച്ചു.