മക്ക: മക്കയില്‍ പൊതുഗതാഗത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പുതിയ റോഡുകളും, റെയില്‍ പാതകളും, തുരങ്കങ്ങളും ഉള്‌ക്കൊള്ളുന്ന പദ്ധതി പല ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. 2012 ലാണ് മക്കയിലെ പൊതുഗതാഗത പദ്ധതിക്ക് അന്നത്തെ ഭരണാധികാരി അബ്ദുല്ലാ രാജാവ് അംഗീകാരം നല്കിതത്. അറുപത്തിരണ്ടു ബില്യണ്‍ റിയാല്‍ ചെലവ് വരുന്ന പദ്ധതിയില്‍ മെട്രോ, എക്‌സ്പ്രസ് ബസുകള്‍, ഫീഡര്‍ബസുകള്, പുതിയ റോഡുകള്‍, ടണലുകള്‍ തുടങ്ങിയവയാണ് ഉള്ളത്.
പല കാരണങ്ങളാലും പദ്ധതി ആരംഭിക്കാന്‍ വൈകി. ഇപ്പോള്‍ ചെറിയ മാറ്റങ്ങളോടെ പദ്ധതി ആരംഭിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു സല്‍മാന്‍ രാജാവിന്റെ അംഗീകാരം ലഭിച്ചു. പല ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. 3.12 ബില്യണ്‍ റിയാലാണ് ഒന്നാംഘട്ട വികസന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. അഞ്ഞൂറ് പുതിയ ബസുകള്‍ ആദ്യഘട്ടത്തില്‍ റോഡില്‍ ഇറങ്ങുമെന്ന് മക്ക ഗവര്‍ണറേറ്റ് വക്താവ് സുല്‍ത്താന്‍്അല്‍ദോസരി അറിയിച്ചു.
മക്കയുടെ എല്ലാ ഭാഗങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീതി കൂടിയ റോഡുകള്‍, യാത്രക്കാരെ ഇറക്കാനും കയറ്റാനും പുതിയ സ്‌റ്റോപ്പുകള്, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കും. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ മക്കയില്‍ പുതിയ മെട്രോ റെയില്‍ പദ്ധതി ആരംഭിക്കാനും സല്‍മാന്‍ രാജാവ് അനുമതി നല്‍കി. പതിനൊന്നു കിലോമീറ്ററായിരിക്കും ആദ്യഘട്ടത്തില്‍ പാതയുടെ നീളം. ഏഴു സ്‌റ്റേഷനുകള്‍ ഉണ്ടാകും. ഹറം പള്ളിയില്‍ നിന്നും മിനായിലെ മശായിര്‍ മെട്രോ സ്‌റ്റെഷനുമായി ഇതിനെ ബന്ധിപ്പിക്കും.
