യാത്രക്കാരനായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഡീലക്സ് ബസിലാണ് ഗതാഗത മന്ത്രി യാത്ര ചെയ്തത്

കോഴിക്കോട്: ടോമിന്‍ തച്ചങ്കരി കണ്ടക്ടര്‍ വേഷമണിഞ്ഞതിനു പിന്നാലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ യാത്രക്കാരനായി. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഡീലക്സ് ബസിലാണ് ഗതാഗത മന്ത്രി യാത്ര ചെയ്തത്. കെഎസ്ആര്‍ടിസി ഡീലക്സ് ബസിന്‍റെ സര്‍വീസ് പരിശോധിക്കാനായിരുന്നു മന്ത്രിയുടെ യാത്ര.

ആദ്യവട്ടം മന്ത്രിയായിരിക്കെ താന്‍ പ്രത്യേക താല്‍പര്യമെടുത്താരംഭിച്ച സില്‍വര്‍ ലൈന്‍ ജറ്റ് ബസുകള്‍ ഡീലക്സ് ബസുകളാക്കി മാറ്റിയ ശേഷമുളള ആദ്യ ട്രിപ്പിലായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്‍റെ യാത്ര. കുറഞ്ഞ ചെലവില്‍ കൂടുതല്‍ വേഗത്തില്‍ എത്തുന്ന ഡീലക്സ് ബസുകളുടെ സേവനം ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടിയായിരുന്നു മന്ത്രിയുടെ യാത്രാ ലക്ഷ്യം. 

കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ഒന്പത് സ്റ്റോപ്പുകളെന്ന വാഗ്ദാനവുമായി സര്‍വീസാരംഭിച്ച സില്‍വര്‍ ലൈന്‍ ജറ്റ് സര്‍വീസ് സമയക്രമത്തിലെ അപാകത മൂലം വിജയിച്ചിരുന്നില്ല. സ്റ്റോപ്പുകളുടെ എണ്ണം 20 ആയി വര്‍ദ്ധിപ്പിച്ചതും കൂടിയ നിരക്കും വിനയായി. ഈ സാഹചര്യത്തിലാണ് ഈ ബസുകള്‍ കളര്‍ മാറ്റി ഡീലക്സ് ബസുകളാക്കി മാറ്റാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. നാലു ബസുകളാണ് ഇത്തരത്തില്‍ മാറ്റുന്നത്. കെഎസ്ആര്‍ടിസിയെ ആകര്‍ഷകമാക്കാനുളള കൂടുതല്‍ നടപടികള്‍ വരും നാളുകളില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.