നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് മുപ്പത് കോടിയുടെ വരുമാനനഷ്ടമാണ് സംഭവിച്ചത്. വരുമാനം ഇടിഞ്ഞതിനാല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുകയാണെന്നും ഇത് മൂലം ശമ്പള പെന്‍ഷന്‍ വിതരണം വൈകുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു. നോട്ട് അസാധുവാക്കലിന് ശേഷം പ്രതിദിനം ഒരു കോടിയില്‍ പരം രൂപയുടെ വരുമാന നഷ്ടമാണ് കെ എസ്ആര്‍ടിസിക്ക് ഉണ്ടായിരിക്കുന്നത്. 

നേരത്തെ ആറര കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതിദിനവരുമാനം. നോട്ട് അസാധുവാക്കുന്നതിന് മുന്‍പ് ഇത് അഞ്ച് കോടിയോളമായി. നിലവിലെ പ്രതിസന്ധിയോടെ വരുമാനം വീണ്ടും ഇടിഞ്ഞെന്ന് ഗതാഗതമന്ത്രി പറയുന്നു. വരുമാനം കുറഞ്ഞതിനാല്‍ മുന്‍പ് കടമെടുത്ത കോടികളുടെ തിരിച്ചടിവിനെ അത് ബാധിച്ചിരിക്കുകയാണ്. ഈ മാസത്തെ ആവശ്യത്തിനായി ബാങ്കുകളെ സമീപിച്ചെങ്കിലും, ചര്‍ച്ചകള്‍ ഫലം കണ്ടിട്ടില്ല. കടം കിട്ടാതെ ശമ്പളവും പെന്‍ഷനും നല്‍കാനാവില്ല. നിലവിലെ പ്രതിസന്ധിയില്‍ വലിയ തുക വായ്പയായി നല്‍കാന്‍ ബാങ്കുകളും മടിക്കുകയാണ്.