കേരളകര്‍ണാടക അതിര്‍ത്തിയിലെ വനത്തിനുള്ളിലാണ് അദിവാസി യുവതിയും കുഞ്ഞും മരിച്ചത്. ഇരുപതികാരിയായ മോഹിനിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പായില്‍ കെട്ടി ചുമന്ന് കൊണ്ടുപോകേണ്ടി വന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ച ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനായത് 20 മണിക്കൂറുകള്‍ക്ക് ശേഷമാണ്.  കര്‍ണ്ണാടക വനംവകുപ്പിനെയും ഇരിട്ടി പൊലീസിനെയും അറിയിച്ചിട്ടും ആരുമെത്താത്തതിനെ തുടര്‍ന്ന്, നാട്ടുകാരിടപെട്ടാണ് ആംബലന്‍സ് ഏര്‍പ്പാടാക്കി മൃതദേഹങ്ങള്‍ ആറളത്തെത്തിച്ചത്. 

കഴിഞ്ഞ വര്‍ഷം ആറളത്ത് നിന്നും വിവാഹം കഴിപ്പിച്ച് കര്‍ണാടകയിലെ മാക്കൂട്ടം കോളനിയിലേക്ക് പോയതാണ് മോഹിനി. പിന്നീട് ഇവര്‍ ഉള്‍വനത്തിലെ കുടിലിലേക്ക് മാറി ആറ് മാസം മുന്‍പായിരുന്നു ഇത്.  ഗര്‍ഭിണിയായ ശേഷം കൂട്ടുപുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ചികിത്സ വേണമെന്ന് നിര്‍ദേശിച്ചെങ്കിലും വീണ്ടും വനത്തിനുള്ളിലേക്ക് മടങ്ങിയ ശേഷമാണ് പ്രസവത്തിനിടെ ചികിത്സ കിട്ടാതെയുള്ള മരണം.

കേരള-കര്‍ണാടക അതിര്‍ത്തിയായതിനാലായിരുന്നു കര്‍ണാടക വനംവകുപ്പും കേരള പൊലീസും ഇടപെടാതെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാന്‍ പോലും വൈകിയത്. വിവരം അറിഞ്ഞെങ്കിലും പരാതിയൊന്നും ലഭിച്ചില്ലെന്നാണ് ഇക്കാര്യത്തില്‍ ഇരിട്ടി പൊലീസ് നല്‍കുന്ന വിശദീകരണം.  അതിര്‍ത്തിയിലായതിനാല്‍ തന്നെ മരണത്തിന് മുന്‍പും ശേഷവും പ്രമോട്ടര്‍മാരുടെ ശ്രദ്ധയിലും മോഹിനിയുടെ ദുരവസ്ഥ പെട്ടില്ല.