കാന്‍സര്‍ ബാധിച്ച്, സര്‍ക്കാരിന് മുന്നില്‍ ചികിത്സയ്‌ക്കായി യാചിച്ച ആദിവാസി സ്‌ത്രീ അവഗണനക്കൊടുവില്‍ സഹായത്തിന് കാത്തു നില്‍ക്കാതെ മരണത്തിന് കീഴടങ്ങി. ട്രൈബല്‍ വകുപ്പ് അധികൃതര്‍ വിളിച്ചാല്‍ പോലും വരില്ലെന്ന് വേദനയോടെ പരാതി പറഞ്ഞ രാധയാണ് നരക യാതനക്കൊടുവില്‍ മരിച്ചത്. രാധയുടെ ദുരിതത്തെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത കണ്ട് നിരവധി പേര്‍ സഹായിക്കാന്‍ തയാറായി വന്നതിനിടെയാണ് രാധയുടെ മരണം. ഞങ്ങള്‍ അവസാനമായി കാണുമ്പോള്‍ 'മരുന്നു വാങ്ങാന്‍ പണമില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകാമോയെന്നും' ജീവിതത്തോടുള്ള കൊതിയോടെ, രാധ ചോദിച്ചിരുന്നു.

ഏപ്രില്‍ 15ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത ആ റിപ്പോര്‍ട്ട്

സര്‍ക്കാര്‍ വകുപ്പുകള്‍ മുഖം തിരിഞ്ഞ് നിന്നപ്പോള്‍, വാര്‍ത്ത കണ്ട് നിരവധി പേര്‍ സഹായമെത്തിക്കാന്‍ തയാറായി. രോഗം മൂര്‍ച്ഛിച്ചിട്ടും രണ്ട് മാസമായി നല്ല ചികിത്സ കിട്ടാതെ എല്ലും തോലുമായിരുന്നു അഞ്ച് മക്കളുടെ അമ്മയായ രാധ. ഫണ്ടില്ലെന്ന പല്ലവിയാവര്‍ത്തിച്ച വകുപ്പുകള്‍ രാധയെക്കുറിച്ചുള്ള വാര്‍ത്ത വന്നതോടെ ആംബുലന്‍സുമായി എത്തിയെങ്കിലും വൈകിപ്പോയിരുന്നു. ആരും നോക്കാനില്ലാത്തതിനാല്‍ മേപ്പാടിയില്‍ നിന്നും കോട്ടത്തറയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയതായിരുന്നു രാധയെ. തിരിഞ്ഞ് നോക്കാത്ത വകുപ്പുകള്‍ക്ക് മുന്നില്‍ ഇനിയും സഹായത്തിന് കാത്തുനില്‍ക്കാതെ, വേദനയില്ലാത്ത ലോകത്തേക്ക് രാധ മടങ്ങുന്നു. നാല് പെണ്‍കുട്ടികളടക്കം പറക്കമുറ്റാത്ത അഞ്ച് മക്കള്‍ അമ്മയില്ലാതെ ഇനി തനിച്ചാണ്....