ദില്ലി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. മുത്തലാഖിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. മുത്തലാഖ് ഇസ്ലാം മതവിശ്വാസികളുടെ മൗലികാവകാശമാണോയെന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. 

ഇതിന് മറുപടിയായാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജിക്കാരുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും വാദങ്ങള്‍ സുപ്രീം കോടതി കേട്ടു. 

ഹര്‍ജിക്കാര്‍ക്കും കേന്ദ്രസര്‍ക്കാരിനും തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കുന്നതിന് കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചു. മുത്തലാഖ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. അലഹാബാദ് ഹൈക്കോടതിയുടെ വിധിയും സുപ്രീം കോടതി പരിഗണിച്ചേക്കും. 

ആഖില്‍ ജമീല്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. അലഹാബാദ് ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ചൊവ്വാഴ്ച പുറത്ത് വന്നിട്ടുണ്ട്. വാട്‌സ്ആപ്പിലൂടെയും എസ്.എം.എസിലൂടെയും മറ്റും മുത്തലാഖ് ചൊല്ലുന്ന പ്രവണത വര്‍ധിച്ചതോടെയാണ് മുത്തലാഖിനെതിരെ മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ തന്നെ എതിര്‍പ്പ് രൂക്ഷമായത്. 

ഇതോടെ ചിലര്‍ നിയമപരമായി മുത്തലാഖിനെ എതിര്‍ക്കാന്‍ തയ്യാറായി രംഗത്ത് വരികയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, റോഹിന്തോണ്‍ ഫാലി നരിമാന്‍, ഉദയ് ഉമേഷ് ലളിത്, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുമുണ്ട്.