തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് അച്ഛനെയും അമ്മയെയും സഹോദരിയെയും കേദല്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ വിദഗ്ധനായ കേദല്‍ കൊലയാളിയാകാനുള്ള കാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു.
മുഖ്യമന്ത്രി അടക്കം അഞ്ച് മന്ത്രിമാര്‍ അടക്കം താമസിക്കുന്ന ക്ലിഫ് ഹൗസ് കോമ്പൗണ്ടിന് തൊട്ടടുത്ത് നടന്നത് അതിക്രൂരമായ കൊലപാതകം തന്നെയാണ്. ബെയ്ന്‍സ് കോമ്പൗണ്ടിലെ ആ രണ്ടുനില വീട് ദുരൂഹതയുടെ കേന്ദ്രമായി തുടരുകയാണ്. അടുത്തടുത്തുള്ള വീട്ടുകാരൊന്നും അറിയാതെയാണ് കേദല്‍ കൊല നടപ്പാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുകളിലത്തെ മുറികളില്‍ വെച്ചാണ് അച്ഛനെയും അമ്മയെയും അടുത്തിടെ ചൈനയില്‍ നിന്നും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി എത്തിയ സഹോദരിയെയും കൊലപ്പെടുത്തിയത്. ആരും ഒരു ശബ്ദം പോലും കേട്ടില്ല. മൂന്ന് പേരെയും കഷണങ്ങളാക്കി മുറിച്ച് പല സമയങ്ങളിലാണ് കുളിമുറികളിലിട്ട് കത്തിക്കുകയായിരുന്നു. താഴത്തെ മുറിയില്‍ താമസിച്ചിരുന്ന അന്ധയായ ബന്ധു ലതികയോടും അച്ഛനും അമ്മയും കന്യാകുമാരിയില്‍ യാത്ര പോയെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ലതികയെ കൊലപ്പെടുത്തിയത് ഇന്നലെയാണെന്നാണ് പൊലീസ് പറയുന്നത്. എല്ലാ മൃതദേഹങ്ങളും കത്തിച്ചശേഷം കേദല്‍ തന്റെ ശരീരത്തിന് സമാനമായ ഡമ്മിയും കത്തിച്ച് രക്ഷപ്പെടാനായിരുന്നു ശ്രമം. കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഡമ്മി കത്തിച്ചത്. അയര്‍ക്കാരോടൊന്നും അധികം അടുപ്പമില്ലാതിരുന്ന കേദല്‍ എങ്ങിനെ ക്രൂരനായ കൊലയാളിയായി മാറിയെന്നാണ് എല്ലാവരുടെയും ചോദ്യം. വല്ലപ്പോഴും മാത്രം വീടിന് പുറത്തിറങ്ങാറുള്ള കേദലിന് കാര്യമായ സുഹൃത്തുക്കളുമില്ലായിരുന്നു. മുഴുവന്‍ സമയവും അയാള്‍ കമ്പ്യൂട്ടറിന് മുന്നിലായിരുന്നുവെന്നാണ് വീട്ടിലെ ജോലിക്കാരിയുടെ മൊഴി. കമ്പ്യൂട്ടറുകള്‍ക്ക് കൃത്രിമ ബുദ്ധി നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വിദഗ്ദനായിരുന്നു കേദല്‍. അടുത്ത കാലത്തെ കേരള പൊലീസിനെ ഞെട്ടിച്ച ക്രൂരമവും ആസൂത്രിതവുമായ കൊലക്ക് പിന്നിലെ കാരണം കണ്ടെത്തലാണ് പ്രധാന ലക്ഷ്യം.
