അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. ഗുജറാത്തിലെ ബറൂച്ചില്‍ ഇന്നലെയായിരുന്നു സംഭവം. ട്രക്കിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

ജമ്പൂസറില്‍നിന്ന് ബറൂച്ചിലെ വെയര്‍ഹൗസിലേക്ക് മെഷീനുകള്‍ മാറ്റുന്നതിനിടയൊണ് അപകടം. ജമ്പുസര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗിന് വേണ്ടി കൊണ്ടുപോയ ഉപകരണങ്ങളായിരുന്നു ഇവയെന്ന് ബറൂച്ച് ഡിസ്ട്രിക്ട് കളക്ടര്‍ സന്ദീപ് സാഗലെ പറഞ്ഞു. 

റോഡില്‍ ചിതറി കിടക്കുന്ന മെഷീനുകള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. 103 വിവിപാറ്റ് മെഷീന്‍, 92 ബാലറ്റ് യൂണിറ്റ്‌സ്, 93 കണ്‍ട്രോള്‍ യൂണിറ്റ്‌സ് എന്നിവയാണ് ട്രക്കില്‍ ഉണ്ടായിരുന്നതെന്ന് ബറൂച്ച് ടെഹ്‌സില്‍ പൊലീസ് അറിയിച്ചു. 

അതേസമയം റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട പരാതി നല്‍കിയതിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളുമായി പോകുകയായിരുന്ന വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പട്ടേല്‍ അനാമത് അന്തോളന്‍ പാര്‍ട്ടി നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

"റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട പരാതി നല്‍കിയപ്പോഴേക്കും ട്രക്ക് ഇവിഎമ്മുകളുമായി അപകടത്തില്‍പ്പെട്ടു. ഇതിനെ നമ്മള്‍ എന്താണ് വിളിക്കേണ്ടത്? "ഹര്‍ദ്ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു

Scroll to load tweet…

വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച് വയ്ക്കുന്ന സൂറത്തിലെയും മെഹ്‌സാനയിലെയും സ്‌ട്രോങ് റൂമുകളില്‍ നമോ എന്ന് പേര് നല്‍കിയ വൈഫൈ കണക്ഷന്‍ കണ്ടെത്തിയതായി കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

രണ്ട് ഘട്ടങ്ങളിലായി നടന്ന ഗുജറാത്ത് തെരഞ്ഞടുപ്പില്‍ 44 പരാതികളാണ് പോളിംഗ് ബൂത്തുകള്‍ക്ക് സമീപം ബ്ലൂ ടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.