ഇന്ത്യന്‍ സന്ദര്‍ശനത്തെ ട്രോളാതെ ട്രോളി ട്രൂഡോ  എല്ലാവര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ മികച്ച സ്വീകരണമാണ് ദില്ലിയില്‍ ലഭിച്ചത് 

ദില്ലി: ഫെബ്രുവരിയില്‍ നടത്തിയ ഒരാഴ്ച നീളുന്ന ഇന്ത്യന്‍ സന്ദര്‍ശനത്തെ ട്രോളി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഒട്ടാവയില്‍ നടന്ന വാര്‍ഷിക പാര്‍ലമെന്റ് പ്രസ് ഗാലറി സമ്മേളനത്തിനിടെയാണ് ട്രൂഡോയുടെ സെല്‍ഫ് ട്രോള്‍. യാത്രകള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള യാത്രയെന്നാണ് ഇന്ത്യന്‍ സന്ദര്‍ശനത്തെ ട്രൂഡോ വിശേഷിപ്പിച്ചത്. 

ജസ്റ്റിന്‍ ട്രൂഡോയുടേയും കുടുംബത്തിന്റേയും ഇന്ത്യ സന്ദര്‍ശനം അന്തര്‍ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ട്രൂഡോയുടേയും കുടുംബത്തിന്റെ വസ്ത്രധാരണവും സദാസമയം കൈകൂപ്പിയുള്ള നില്‍പ്പുമെല്ലാം ഏറെ പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു. 

അന്തര്‍ദേശീയതലത്തിലുള്ള പരിഹാസവും വിമര്‍ശനവും മടുപ്പുണ്ടാക്കുന്ന ഒന്നായിരുന്നിട്ടും ഇന്ത്യ സന്ദര്‍ശനം മികച്ചതായിരുന്നെന്ന് ട്രൂഡോ പറയുന്നു. എല്ലാവര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ മികച്ച സ്വീകരണമാണ് ദില്ലിയില്‍ ലഭിച്ചതെന്ന് ട്രൂഡോ പറഞ്ഞു. സാധാരണ ഗതിയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാരെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എത്താറുള്ളത്. എന്നാല്‍ ട്രൂഡോയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി എത്തിയിരുന്നില്ല. 

ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലെ വസ്ത്രധാരണത്തിനെതിരെയും പരിഹാസമുയര്‍ന്നിരുന്നു. കോട്ടും സ്യൂട്ടിനും ഒരു വിശ്രമം നല്‍കിയെന്നാണ് ഇന്ത്യന്‍ സന്ദര്‍ശനത്തിലെ വേഷവിധാനത്തെക്കുറിച്ച് ട്രൂഡോ പറയുന്നത്.