വാഷിംഗ്ടണ്‍:അഫ്ഗാൻ സ്ഫോടനത്തിൽ പാക്കിസ്ഥാനെ പരോക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തീവ്രവാദികൾക്ക് സുരക്ഷയൊരുക്കുന്നവർ പിന്മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 103 കടന്നു.
സ്ഫോടനം നടത്തിയ താലിബാനെ പൂര്‍ണ്ണമായി നശിപ്പിക്കാൻ അവർക്ക് സംരക്ഷണമൊരുക്കുന്ന രാജ്യങ്ങൾ സഹകരിക്കണമെന്ന് ട്രംപ് പറഞ്ഞു. പാക്കിസ്ഥാനെ ലക്ഷ്യം വച്ചായിരുന്നു പരാമർശം.
കഴിഞ്ഞ മാസമാണ് ഭീകരതക്കെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനുള്ള രണ്ടു മില്ല്യണ്‍ ഡോളറിന്‍റെ ധനസഹായം അമേരിക്ക നിർത്തലാക്കിയത്. വീണ്ടും ട്രംപ് രംഗത്തെത്തിയത് പാക്കിസ്ഥാന് തിരിച്ചടിയായി.
ഇന്നലെ ഉച്ചയോടെ ആംബുലൻസിലെത്തിയ ചാവേർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ കൂടുകയാണ്. ഇരുനൂറിലധികം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഉറ്റവരെ തെരഞ്ഞ് ബന്ധുക്കൾ വിവിധ ആശുപത്രികളിൽ കയറിയിറങ്ങുന്ന ദാരുണമായ കാഴ്ചയാണ് കാബൂൾ നഗരമെങ്ങും. ആക്രമണത്തെ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും അപലപിച്ചു.
