Asianet News MalayalamAsianet News Malayalam

സർക്കാർ സ്ഥാപനങ്ങ‌‌ൾ തുറക്കാൻ ട്രംപിന്‍റെ തീരുമാനം; ഭരണ സ്തംഭനത്തിന് താത്കാലിക പരിഹാരം

വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ്  സർക്കാർ സ്ഥാപനങ്ങൾ അടുത്ത മൂന്നാഴ്ചത്തേക്ക് പൂർണ്ണമായും തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്.

trump  lifts government shutdown for three week
Author
New York, First Published Jan 26, 2019, 9:48 AM IST

ന്യൂയോർക്ക്: അമേരിക്കയിൽ കഴിഞ്ഞ മുപ്പത്തിയഞ്ചു ദിവസമായി തുടരുന്ന ഭരണ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. അടുത്ത മൂന്നാഴ്ചത്തേക്കു കൂടി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് ഭരണസ്തംഭനത്തിന് അയവു വരുന്നത്. 

ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന 8 ലക്ഷത്തോളം കേന്ദ്ര ജീവനക്കാരുടെ പ്രശ്നങ്ങളും വിമാനത്താവളങ്ങളിലടക്കം ആവശ്യത്തിന് ജോലിക്കാരില്ലാത്ത സ്ഥിതി കടുത്ത  സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമായതും ട്രംപിനെ സമ്മർദത്തിലാക്കി. വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ്  സർക്കാർ സ്ഥാപനങ്ങൾ അടുത്ത മൂന്നാഴ്ചത്തേക്ക് പൂർണ്ണമായും തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 15നകം അതിർത്തി മതിൽ വിഷയത്തിലും സുരക്ഷാ പ്രശ്നങ്ങളിലും സമവായത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത്. ഇതോടെ ഉടൻ തന്നെ ധനവിനിയോഗ ബില്ലുകൾ പാസ്സാക്കി സർക്കാരിന്‍റെ പ്രവർത്തനം സാധാരണ ഗതിയിലാകും. 

കേന്ദ്ര ജീവനക്കാരുടെ കഴിഞ്ഞ ഒരു മാസത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ കൊടുത്തു തീർക്കും. എന്നാൽ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ അതിർത്തി മതിലിൽ സമവായമുണ്ടായില്ലെങ്കിൽ വീണ്ടും ഭരണ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിർത്തി മതിലിന് 5.7 ബില്ല്യൺ ഡോളർ ലഭിക്കാതെ ഭാഗിക ഭരണ സ്തംഭനം പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ട്രംപ്. എന്നാൽ പണം അനുവദിക്കില്ലെന്ന് ഡെമോക്രാറ്റുകൾ കർശന നിലപാടെടുത്തതോടെയാണ് അമേരിക്കയിലെ ഭരണ നിർവ്വഹണം പ്രതിസന്ധിയിലായത്. അതിർത്തി മതിലിനായി സെനറ്റിൽ കൊണ്ടുവന്ന രണ്ടു ബില്ലുകളും നേരെത്തെ പരാജയപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios