വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ജനിച്ചത് അമേരിക്കയില്‍ തന്നെയാണെന്ന് സമ്മതിച്ച് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ട്രംപ് വാഷിംഗ്ടണില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. ബരാക് ഒബാമ ജനിച്ചത് അമേരിക്കയിലാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പലപ്പോഴും ഡൊണാള്‍ട് ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്ന നിലക്കും ട്രംപ് ഇക്കാര്യം ഉയര്‍ത്തിക്കാട്ടി.

എന്നാല്‍ വാഷിംഗ്ടണില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവേ ഒബാമ ജനിച്ചത് അമേരിക്കയില്‍ തന്നെയാണെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെയോ വിവാദത്തിന്റെയോ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒബാമയുടെ ജന്‍മസ്ഥലം ഏതെന്ന ചര്‍ച്ചക്ക് തുടക്കമിട്ടത് താനല്ലെന്ന പറഞ്ഞ ട്രംപ് 2008ല്‍ ഹില്ലരി ക്ലിന്‍നും ഒപ്പമുള്ളുരമാണ് ഇത് വിവാദമാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ട്വിറ്റിലൂടെയും മറ്റും പല തവണ ട്രംപ് ഉയര്‍ത്തിയിരുന്നതാണ്.

2011ല്‍ പ്രസിഡന്‍റ് ജനന സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടതോടെ വിവാദം അവസാനിപ്പിച്ചതാണെന്ന് ട്രംപിന്റെ ഉപദേശകന്‍ ജേസണ്‍ മില്ലര്‍ പറഞ്ഞു. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന അടുത്ത വര്‍ഷം ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു . ആഫ്രിക്കന്‍ അമേരിക്കന്‍വംശജരുടെ പിന്തുണക്ക് വേണ്ടിയാണ് ജന്മസഥലം ട്രംപ് വിവാദമാക്കിയതെന്നാണ് വിലയിരുത്തല്‍. അഭിപ്രായ സര്‍വേകളില്‍ ഹില്ലരിക്കാണ് ഈ വിഭാഗങ്ങളുടെ ഇടയില്‍ മുന്‍തൂക്കം. കള്ളം പറഞ്ഞ് ജനങ്ങളെ തറ്റിദ്ധരിപ്പിച്ച ട്രംപ് മാപ്പ് പറയണമെന്ന് ഹില്ലരി ആവശ്യപ്പെട്ടു. വിവാദം ആദ്യമുയര്‍ത്തിയത് ഡെമോക്രാറ്റുകളാണെന്ന വാദം തെറ്റാണെന്നും ഹില്ലരി പറഞ്ഞു.