വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളുകളില്‍ ഭിന്നലിംഗ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശൗചാലയ മാര്‍ഗരേഖ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് എടുത്തുമാറ്റി. ഭിന്നലിംഗക്കാര്‍ക്ക് അവരുടെ ശാരീരിക അവസ്ഥയ്ക്കപ്പുറം സമാന ലിംഗക്കാര്‍ക്കുള്ള ശൗചാലങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിച്ചുള്ള ഫെഡറല്‍ മാര്‍ഗരേഖയാണ് ട്രംപ് നീക്കിയത്. മുന്‍ ഒബാമ ഭരണകൂടമാണ് ഈ മാര്‍ഗരേഖ കൊണ്ടുവന്നത്. എല്ലാ വിദ്യാര്‍ത്ഥികളും സുരക്ഷിത സാഹചര്യത്തില്‍ പഠിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സെ ഡീവോസ് പറഞ്ഞു.

ഇത്തരം വിഷയങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും പ്രദേശിക ഭരണകൂടങ്ങള്‍ക്കുമാണ് ശരിയായി പരിഹരിക്കാന്‍ കഴിയുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. ഒബാമയ ഭരണകൂടത്തിന്റെ തീരുമാനത്തെ പല സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നു. മാര്‍ഗരേഖ നിയമവിരുദ്ധവും മറ്റു വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ഇല്ലാതാക്കുന്ന തീരുമാനമെന്നുമായിരുന്നു ഇവരുടെ വാദം.

 എന്നാല്‍ മാര്‍ഗരേഖ പ്രയോജപ്രദവും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വിവേചനംഅവസാനിപ്പിക്കാന്‍ കഴിയുമെന്നും ഭിന്നലിംഗക്കാരുടെ അവകാശ സംഘടനയും വാദം ഉയര്‍ത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കടന്നുകയറുന്ന നിയമനിര്‍മ്മാണങ്ങള്‍ നടപ്പാക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.