ന്യൂയോര്‍ക്ക്: ഉലഞ്ഞ വാണിജ്യബന്ധം മെച്ചപ്പെടുത്താൻ നൂറ് ദിന പരിപാടിയ്ക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ്പിങ് കൂടിക്കാഴ്ചയിൽ ധാരണയായി. ഈ വർഷം തന്നെ ചൈന സന്ദർശിക്കുന്നതിന് ട്രംപ് കൂടിക്കാഴ്ചയിൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് ശേഷവും ശക്തമായ ചൈന വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായുള്ള ആദ്യ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നാണ് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നത്.

ഇരു രാജ്യങ്ങൾക്കുമിടയിലെ വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന് നൂറുദിന പരിപാടികൾക്ക് ആദ്യ കൂടിക്കാഴ്ചയിൽ ട്രംപും ഷീ ജിങ്പിങും രൂപം നൽകി. ഉഭയകക്ഷി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സംവിധാനത്തിന്‍റെ നിലവാരം ഉയർത്താൻ ചർച്ചയിൽ തീരുമാനമായി. തുടർ ചർച്ചകൾക്ക് ഇരു പ്രസിഡന്റുമാരുടേയും മേൽനോട്ടമുണ്ടാകും.

ചൈനീസ് സന്ദർശനത്തിനുള്ള ഷീ ജിങ്പിങിന്‍റെ ക്ഷണം ട്രംപ് സ്വീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതീക്ഷിച്ചത് പോലെ വലിയ തീരുമാനങ്ങളൊന്നുമുണ്ടായില്ലെങ്കിലും ചർച്ചയിൽ വാഗ്വാദങ്ങളെക്കാളേറെ സംശയങ്ങളും വിശദീകരണങ്ങളുമായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.