ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്‍റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു തൃപ്തി ദേശായിയുടെ ആവശ്യം. 

ദില്ലി: സര്‍ക്കാര്‍ സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ദര്‍ശനത്തിനിടയില്‍ തങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരിനും പൊലീസിനുമെന്നും തൃപ്തി ദേശായി പറഞ്ഞു. നാളെ ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായി സര്‍ക്കാരിനോട് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്‍റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു തൃപ്തി ദേശായിയുടെ ആവശ്യം. വിമാനത്താവളത്തിൽ ഇറങ്ങിയാൽ തുടർന്ന് സഞ്ചരിക്കാൻ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാർ വിളിച്ചാൽ വഴിയിൽ ആക്രമിക്കപ്പെടാൻ ഇടയുണ്ട്. അതുകൊണ്ട് സഞ്ചരിക്കാൻ സർക്കാർ ഒരു കാർ നൽകണം. അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് താമസിക്കാൻ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണമെന്നും തൃപ്തി ദേശായി പറ‍ഞ്ഞിരുന്നു. 

എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നാണ് തൃപ്തി ദേശായി പറഞ്ഞത്. ഏഴ് സ്ത്രീകള്‍ വരുന്നത് കൊണ്ടാണ് പ്രത്യേക സുരക്ഷ ചോദിച്ചതെന്നും തൃപ്തി ദേശായി പറ‍ഞ്ഞു. ശബരിമലയിലെത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പൊലീസ് പറഞ്ഞിരുന്നു. മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.