ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന് ചരിത്ര വിജയം. 40707 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജലളിതക്ക് ലഭിച്ച ഭൂരിപക്ഷമായ 39545 ദിനകരന്‍ മറികടന്നു. എഐഎഡിഎംകെ, ഡിഎംകെ, ബിജെപി തുടങ്ങിയ കക്ഷികളെ പിന്തള്ളിയാണ് സ്വതന്ത്ര്യസ്ഥാനാര്‍ഥിയായി മത്സരിച്ച ദിനകരന്‍റെ വിജയം. മറ്റ് 57 സ്ഥാനാര്‍ഥികളും ചേര്‍ന്ന് നേടിയതിലും കൂടുതല്‍ വോട്ടുകള്‍ ദിനകരന് ലഭിച്ചു. അതേസമയം എഐഎഡിഎംകെ ഒഴികെ ഡിഎംകെ അടക്കമുള്ളവര്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി.
എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂധനനാണ് രണ്ടാ സ്ഥാനത്ത്. 48306 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ആകെ 19 റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലില്‍ ഒരു ഘട്ടത്തിലും ദിനകരന് വെല്ലുവിളിയാകാന്‍ മറ്റുകക്ഷികള്‍ക്ക് സാധിച്ചില്ല. എഐഎഡിഎംകെ സ്ഥാനാര്‍ഥി ലഭിച്ച വോട്ടിന്‍റെ ഇരട്ടിയാണ് ദിനകരന്‍റെ ഭൂരിപക്ഷം. ആകെ 77.8 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ 89013 വോട്ടുകളും ദിനകരന് ലഭിച്ചു.
ഏറെ പ്രതീക്ഷയോടെ കളത്തിലിറങ്ങിയ ഡിഎംകെയ്ക്കാണ് തെരഞ്ഞെടുപ്പ് കനത്ത പ്രഹരമേല്‍പ്പിച്ചത്. അനുകൂല രാഷ്ട്രീയ സാഹചര്യമായിരുന്നിട്ടു പോലും അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡിഎംകെയുടെ മരുതുഗണേഷന് 24651 വോട്ടുകളാണ് ലഭിച്ചത്. കെട്ടിവച്ച പണം തിരിച്ചുകിട്ടാന്‍ 29512 വോട്ടെങ്കിലും ലഭിക്കണം. അതേസമയം ചരിത്രം കുറിച്ച് നോട്ട രണ്ടായിരത്തിനു മുകളില്‍ വോട്ടുകള്‍ നേടി. നോട്ടയ്ക്കും പിന്നിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കാരുനാഗരാജന്‍റെ സ്ഥാനം. 1368 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
കനത്ത സുരക്ഷയായിരുന്നു വോട്ടെണ്ണലിനായി ഒരുക്കിയത്. എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന്‍ അനുകൂലികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അരമണിക്കൂറോളം വോട്ടെണ്ണല്‍ തടസപ്പെട്ടിരുന്നു. ആര്‍കെ നഗറിലടക്കം പലയിടത്തും ദിനകരന്‍ അനുകൂലികള്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുകയാണ്. എഐഎഡിഎംകെയും ഡിഎംകെയും പിന്തള്ളിയുള്ള ദിനകരന്‍റെ വിജയം ജനങ്ങളുടെ മനസാണെന്ന് അനുകൂലികള‍് പ്രതികരിച്ചു.
അതേസമയം ജനദ്രോഹ സര്‍ക്കാരിനെതിരായ ജനവിധിയാണെന്ന് ടിടിവി ദിനകരന്‍ പ്രതികരിച്ചു. ആർകെ നഗർ വെറുമൊരു ഉപതരെഞ്ഞെടുപ്പായിരുന്നില്ലെന്നും തമിഴക രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നും ദിനകരൻ പറഞ്ഞു. ജയലളിതയുടെ യഥാർത്ഥ പിൻഗാമി ആരെന്ന് തമിഴ് ജനത അറിഞ്ഞുതുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
